പച്ചപ്പിൻ്റെ പ്രചാരകൻ ആൻ്റപ്പൻ അമ്പിയായം വിട്ടു പിരിഞ്ഞിട്ട് ജൂൺ 3ന് 10 വർഷം
കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണകളുമായി സുഹൃത്തുക്കള്‍ ‘ മഴമിത്ര’ത്തില്‍ ജൂൺ 3ന് രാവിലെ 10 മണിക്ക് ഒന്നിച്ചു കൂടും.പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തു പാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്നേഹിയായ ആന്റപ്പന്‍ അമ്പിയായം (38) 2013 ജൂണ്‍ 3ന് എറണാകുളത്ത് വെച്ചാണ് ബൈക്ക് അപകടത്തില്‍ മരണമടഞ്ഞത്.
കേരളത്തിന്‍റെ പാരസ്ഥിതിക മേഖലകളില്‍ സമാനതകളില്ലാത്ത ഒരു പ്രതിഭാസമായിരുന്ന ആൻ്റപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന എടത്വ സെൻ്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ രാവിലെ 9ന് ഹരിത കർമ്മ സേവകരും സുഹൃത്തുക്കളും ചേർന്ന് പുഷ്പാർച്ചന നടത്തും.തുടർന്ന് എടത്വ സെൻ്റ് മേരീസ് ഹൈസ്ക്കൂളിന് പുറകുവശത്തുള്ള ആൻ്റപ്പൻ്റെ വസതിയായ 'മഴമിത്ര ' ത്തില്‍ രാവിലെ 10ന് അനുസ്മരണം നടത്തും.
2011 ഏപ്രില്‍ മാസം 15-ാം തീയതി പിറവിയെടുത്ത കൂട്ടായ്മയുടെ അടിസ്ഥാനശില ആന്‍റപ്പന്‍ അമ്പിയായവും അവന്‍റെ സ്വപ്നങ്ങളുമായിരുന്നു. തുടര്‍ന്നുള്ള രണ്ടുമൂന്നുവര്‍ഷക്കാലം സമാനതകള്‍ക്കിടംനല്‍കാത്തവിധം പരിസ്ഥിതി ഉച്ചകോടി മുതല്‍ ഓരോ ജില്ലകളിലും ഒരു മാസം നീണ്ട ഹരിത പരിപാടികളോടെ കേരളം മുഴുവന്‍ യാത്രചെയ്ത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന ഹൃദയത്തിന്‍റെ ഭാഷയില്‍ ഇടപെട്ട് ആന്‍റപ്പന്‍ വ്യത്യസ്തനായി.2010 മുതല്‍ 2013 വരെയുള്ള ചുരുങ്ങിയ കാലഘട്ടത്തില്‍ അദ്ദേഹം താണ്ടിയ ദൂരവും കണ്ടെത്തിയ ആഴങ്ങളും ഇനി ആര്‍ക്കും സ്വന്തമാക്കാനാകുമെന്ന് തോന്നുന്നില്ല. ചിതറിക്കിടന്ന കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനങ്ങളെയും പ്രവര്‍ത്തകരേയും ഒരു കുടക്കീഴില്‍ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ അണിനിരത്തുക എന്നതായിരുന്നു ആന്‍റപ്പന്‍റെ സ്വപ്നം.
ഓരോ വര്‍ഷം കഴിയുമ്പോഴും വര്‍ദ്ധിച്ചുവരുന്ന ജലദൗര്‍ലഭ്യവും നശിക്കുന്ന പ്രകൃതിവിഭവങ്ങളും ഇല്ലാതാക്കാന്‍ പോകുന്നത് ജീവന്‍റെ സുവിശേഷമാണ് എന്ന് ഒരിക്കല്‍പ്പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് നാം. കേരളം ഇന്ന് വരള്‍ച്ചാബാധിത പ്രദേശമാണ്. ഇത്ര ചെറിയ ഈ ഭൂപ്രദേശത്തെ ജൈവവൈവിധ്യങ്ങളുടെ കലവറയായും ദൈവത്തിന്‍റെ സ്വന്തം നാടായും വാഴ്ത്തുമ്പോള്‍ സ്വന്തം കാല്‍ക്കീഴില്‍ ജീവന്‍ എന്ന വിസ്മയം നമ്മുടെ അപക്വമായ സ്വാര്‍ത്ഥനിറഞ്ഞ ഇടപെടല്‍കൊണ്ട് അസ്തമിക്കുന്നുണ്ടെന്ന് ഇനിയും നാം തിരിച്ചറിഞ്ഞിട്ടില്ല.ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് അനേകരെ 'പച്ച' സ്വപ്നങ്ങള്‍ നെയ്യാന്‍ പഠിപ്പിച്ചവനായിരുന്നു ആൻ്റപ്പൻ. അകാലത്തില്‍ പൊലിഞ്ഞെങ്കിലും അനേകരില്‍ നിറഞ്ഞു നില്‍ക്കുന്ന ആന്‍റപ്പന് പ്രണാമം, കാലത്തിന്‍റെ ചുവരെഴുത്തുകളെ നമുക്കായി ഈ ഭൂമിക്കായി സത്യസന്ധതയോടെ അവതരിപ്പിച്ചതിന്..
മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനമായിരുന്നു ആന്റപ്പന്‍ അമ്പിയായം.കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്നേഹിയുടെയും മനസ്സില്‍ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനില്‍പ്പ് കോറിയിട്ടു കടന്നപോയ ആൻ്റപ്പൻ നിലകൊണ്ടത് ദൈവത്തിന്റെ ദാനമായ ശുദ്ധവായു,ശുദ്ധജലം,മണ്ണ് ഇവ വരുംതലമുറയ്ക്കും ഇതേ ശുദ്ധിയോടെ പകര്‍ന്നു നല്‍കുവാൻ ആയിരുന്നു.ആൻ്റപ്പൻ്റെ ദർശന സാക്ഷാത്ക്കാരത്തിന്നായി ഒരു കൂട്ടം സുഹൃത്തുക്കൾ ഇന്നും നിലകൊളളുന്നു.
കേരള യൂണിവേഴ്സിറ്റി ബി.എ പാഠപുസ്തകത്തിൽ ആൻ്റപ്പൻ അമ്പിയായം ഇടം നേടിയിട്ടുണ്ട്.കേരള യൂണിവേഴ്സിറ്റി ബി.എ മലയാളം മൂന്നാം സെമസ്റ്റർ മൂന്നാം മൊഡ്യൂളിൽ പരിസ്ഥിതി പഠനം എന്ന ഭാഗത്താണ് പച്ചപ്പിൻ്റെ പ്രചാരകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്.ആർ. വിനോദ് കുമാറിൻ്റെ 'കേരളത്തിലെ ഹരിത ജാലകം തുറന്നവർ ' എന്ന പുസ്തകത്തിൽ ആൻ്റപ്പനെ കുറിച്ചു പറയുന്ന 'പട്ടു പോകാത്ത ഒറ്റമരം ' എന്ന ലേഖനമാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹരിതവിപ്ലവ നായകനായിരുന്ന ആൻ്റപ്പൻ്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആൻ്റപ്പൻ്റെ വസതിയായ 'മഴ മിത്ര 'ത്തിൽ സുഹൃത്തുക്കൾ ചേർന്ന് സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ എല്ലാ വർഷവും ഒത്തുകൂടാറുണ്ട്.
എടത്വ അമ്പിയായത്ത് ജോർജ് മാത്യൂ - ത്യേസിയാമ്മ ദമ്പതികളുടെ മകനായിരുന്ന ആൻ്റപ്പൻ്റെ ഭാര്യ സോണിയ ആണ്.ഹയർ സെക്കൻ ണ്ടറി വിദ്യാർത്ഥിയായ ഏബൽ മകനും മാധ്യമ പ്രവർത്തകനായ അനിൽ അമ്പിയായം സഹോദരനും ആണ്.
ആൻ്റപ്പൻ്റെ സ്മരണ നിലനിർത്തുന്നതിനും പരിസ്ഥിതി പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 'ഹരിത മിത്രം ' പുരസ്ക്കാരം ഏർപെടുത്തുവാൻ തീരുമാനിച്ചതായി ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര, സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.