സിൽവർലൈൻ വിരുദ്ധ സമരം ശക്തിപ്പെടുത്തും; ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല: കെ.സുരേന്ദ്രൻ

കൊട്ടേഷൻ -ലഹരി മാഫിയ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്-കെ സുരേന്ദ്രൻ



ആലപ്പുഴ: സംസ്ഥാനത്ത് കെ-റെയിലിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ബിജെപി സിൽവർലൈൻ വിരുദ്ധ സമരം ശക്തമാക്കുമെന്നും ആലപ്പുഴയിൽ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. 

ജില്ലാ പ്രസിഡൻ്റുമാരുടെ നേതൃത്വത്തിലുള്ള പദയാത്ര ഈ മാസം ആരംഭിക്കും. മലപ്പുറം കവന്നൂരിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ സന്ദർശിക്കാൻ ജില്ലയിലെ വനിതാ ജനപ്രതിനിധിമാർ പോലും എത്താതിരുന്നത് ഞെട്ടിക്കുന്നതാണ്. എന്തുകൊണ്ടാണ് കിടപ്പിലായ അമ്മയുടെ മുമ്പിൽ വെച്ച് പീഡിപ്പിക്കപ്പെട്ട, സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഇരയക്ക് വേണ്ടി ശബ്ദിക്കാൻ ഭരണ-പ്രതിപക്ഷ പാർട്ടിക്കാർ തയ്യാറാവാത്തത്? കാവന്നൂരിൽ പീഡിപ്പിക്കപ്പെട്ട ഇരയ്ക്ക് വേണ്ടി ഒന്നും മിണ്ടാത്ത വനിതാപ്രവർത്തകർക്ക് വനിതാദിനം ആഘോഷിക്കാൻ എന്ത് അവകാശമാണുള്ളതെന്ന് സുരേന്ദ്രൻ ചോദിച്ചു. കേരളത്തിലെ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. 

കൊട്ടേഷൻ -ലഹരി മാഫിയ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ക്രിമിനലുകൾക്കെല്ലാം രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് നിഷ്ക്രിയമാണ്. ഔദ്യോഗിക പ്രതിപക്ഷത്തിന് ഇത്തരം കാര്യത്തിലൊന്നും ഒരു താത്പര്യവുമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. യുക്രൈനിൽ നിന്നും നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നത് സമാനതകളില്ലാത്ത തരത്തിലുള്ള നയതന്ത്ര വിജയമാണ്. 

2500 ഓളം മലയാളി വിദ്യർത്ഥികളെ തിരിച്ചെത്തിക്കാൻ സാധിച്ചു. ഇതിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ വഹിച്ച പങ്ക് അഭിനന്ദനാർഹമാണ്. എന്നാൽ കേരള സർക്കാർ എട്ടുകാലി മമ്മൂഞ്ഞാവുകയാണ്. കേന്ദ്ര സർക്കാർ ദില്ലിയിൽ എത്തിച്ച വിദ്യാർത്ഥികളെ കേരളത്തിലെത്തിക്കുന്നതിൽ സംസ്ഥാനം വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കേരള പ്രഭാരി സിപി രാധാകൃഷ്ണൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, അഖിലേന്ത്യാ വൈസ്പ്രസിഡൻ്റ് എപി അബ്ദുള്ളക്കുട്ടി എന്നിവർ സന്നിഹിതരായിരുന്നു.