പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു.
ആലപ്പുഴ: പ്രമുഖ മതപണ്ഡിതനും ഇസ്ലാമിക പ്രഭാഷക കുല പതിയും മായിരുന്ന ആലപ്പുഴ പല്ലന പാനൂർ . വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (93 ) മരണപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പല്ലനയിലെ കുടുംബ വീട്ടിൽ വിശ്രമത്തിലിരിയ്ക്കെ ഇന്നലെ (ചൊവ്വ) രാവിലെയാണ് മരിച്ചത്. സൂഫി വര്യനും പണ്ഡിതശ്രേഷ്ഠനും മായിരുന്ന പരേതനായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ മകനാണ് (പിതാവിന്റെ അതേ പേര് തന്നെയാണ് മകനും ) കേരളത്തിനകത്തും പുറത്തും എല്ലാ ഗൾഫ് രാജ്യങ്ങളിലും തന്റെ പ്രഭാഷണ കല കൊണ്ട് ശ്രോതാക്കളെ പിടിച്ച് ഇരുത്തി ചിന്തിപ്പിച്ച മതപ്രഭാഷകനാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി .
പതിറ്റാണ്ടുകൾക്ക് മുൻപ് പ്രഭാഷണ വേദികളിൽ നിന്നും വേദികളിലേയ്ക്ക് സഞ്ചരിച്ച പണ്ഡിതനായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. ആഴത്തിലുള്ള അറിവും ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ കൊതിയ്ക്കുന്ന വാഗ്മിത്വത്തിന് ഉടമയായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി സ്ക്കൂൾ വിദ്യാഭ്യാസം നേടിയട്ടേ ഇല്ലായിരുന്നു. പിതാവ് തന്നെയായിരുന്നു ആദ്യ ഗുരു. ഇസ്ലാമിക വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധ കാണിച്ചിരുന്ന പിതാവ് വീട്ടിൽ തന്നെ ഖുർആൻ പഠിപ്പിയ്ക്കുന്നതിനു വേണ്ടി പ്രാവീണ്യമുള്ളവരെ ഏർപ്പാടാക്കിയിരുന്നു. ചെറുപ്പകാലത്ത് തന്നെ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി ഖുർആനിൽ പ്രാവീണ്യം നേടി. വീട്ടിലെ പ്രാഥമിക പഠനത്തിനു ശേഷം പ്രസിദ്ധരായ പല പണ്ഡിതരുടെയും ശിക്ഷത്വം സ്വീകരിച്ചു. ഇടകാലത്ത് മതപഠനം നിലച്ചു. പിന്നീട് വേമ്പനാട്ടിലെ ദർസിൽ ചേർന്ന് പഠനം പുനരാരംഭിച്ചു. ഇവിടെ വെച്ച് ഇംഗ്ലീഷ് പഠനത്തിനും വഴിയൊരുങ്ങി. പിന്നീട് ഇവിടെ പ്രസംഗ കലയിലേക്ക് തിരിയുകയും അവസരങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.
പതിനെട്ടാമത്തെ വയസിൽ പാനൂരിലെ വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ 1948-ൽ ആദ്യ പ്രസംഗം നടത്തി. ആര്യഭട്ട സ്വാമിയായിരുന്നു അദ്ധ്യക്ഷനായത്.
ഹരിപ്പാട്ടാണ് പ്രസംഗപരമ്പരയുടെ ആദ്യ തുടക്കം. പന്ത്രണ്ട് ദിവസം നീണ്ടു നിന്നു .പിന്നീട് പരിസര പ്രദേശങ്ങ ളിൽ നിന്ന് ക്ഷണമുണ്ടായി തുടങ്ങി. തന്റെ ഗുരുക്കന്മാരുടെ പ്രചോദനമായിരുന്നു വൈലിത്തറയുടെ മനസിൽ ഉണ്ടായിരുന്നത്. പ്രസംഗകലയെപ്പറ്റി പത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകൾ വന്നിരുന്നു. 1964.കെ കെ വാസുദേവൻ നായർ പ്രസംഗം കേൾക്കുകയും മലയാള രാജ്യത്തിൽ വൈലുത്തറയുടെ പ്രസംഗ കലയെ പറ്റി നീണ്ട ലേഖനം തയ്യാറാക്കി പ്രസിദ്ധികരിച്ചിരുന്നു.
മലബാർ മേഖലയിൽ ആദ്യമായി വടകരയിലാണ് പ്രഭാഷണ പരമ്പര നടത്തിയത്.പിന്നീട് കോഴിക്കോട്, കാസർകോഡ് , വയനാട്, മലപ്പുറം ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലേക്ക് പ്രഭാഷണ പരമ്പര നീണ്ടു നിന്നു . ചെറുപ്പകാലത്ത് പിതാവിന്റെ പ്രഭാഷണങ്ങൾ കേട്ടാണ് വളർന്നത്. പിന്നീട് ശ്രോതാക്കളുടെ ശൈലിയ്ക്കായി ഇംഗ്ലീഷ് സാഹിത്യവും കവിതയും ഒക്കെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി. പള്ളിക്കുടത്തിൽ പോയിട്ടില്ലാത്ത വൈലിത്തറ മൗലവി ആഴത്തിൽ പഠിച്ചാണ് പ്രഭാഷകനായത്. അക്ഷരം ചൊല്ലി പഠിപ്പിച്ചത് ചൊല്ലിക്കാട്ടിൽ ഗോവിന്ദനാശാനായിരുന്നു. വലിയ പണ്ഡിതനും സൂഫി വര്യനും മായിരുന്ന വേണാട്ട് ഹൈദ്രോസ് മുസ്ലിയാരുടെ മകൾ പരേതയായ ഖദീജയാണ് ഭാര്യ. മക്കൾ - അഡ്വ: മുജീബ് റഹ്മാൻ , സുഹൈയിലു റഹ്മാൻ , സഹ് ലു റഹ്മാൻ , യാസ്മീൻ , തസ്നീം , വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാരുടെ വിയോഗത്തിലൂടെ ഒരു നല്ല പ്രഭാഷണ കാലത്തിന്റെ ജീവിത പാഠമാണ് കടന്നുപോകുന്നത്.