എടത്വാ: വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വാഹനത്തിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തലവടി പഞ്ചായത്ത് ജങ്‌ഷന് സമീപം എസ്.എൻ.ഡി പി ശാഖായോഗം ഗുരുമന്ദിരത്തിന് മുന്നിൽ വെച്ച് ഇന്നലെ രാവിലെ 8.30-നാണ് അപകടം. അമ്പലപ്പുഴയിൽ നിന്നെത്തിയ കാർ നീയന്ത്രണം വിട്ട് എതിരെ വന്ന ഇന്നോവകാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാർ മൂന്ന് പ്രാവശ്യം കരണം മറിഞ്ഞാണ് നിന്നത്. ഇന്നോവ കാറിൽ ഇടിച്ച ശേഷം കാർ മത്സ്യ വ്യാപാരികളുടെ പിക്കപ്പ് വാനിലും ഇടിച്ചു കയറി.
ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന പന്തളം സ്വദേശികളായ സിജോ, നൗഷാദ് എന്നിവർക്ക് പരിക്കേറ്റിരുന്നു. അമ്യത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാൻ പുറപ്പെടുമ്പോഴാണ് സിജോയുടെ കാർ അപകടത്തിൽ പെട്ടത്. കാർ ഓടിച്ചിരുന്ന അൻവർ ഷായും, പിക്കപ്പ് വാഹനത്തിൽ സഞ്ചരിച്ചിരുന്ന മത്സ്യ വ്യാപാരികളായ അമ്പലപ്പുഴ സ്വദേശികൾ നൗഫൽ, സലാവുദ്ദീൻ എന്നിവരും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. എടത്വാ പോലീസിന്റേയും, തകഴി ഫയർഫോഴ്സിന്റേയും നാട്ടുകാരുടേയും നേത്യത്വത്തിൽ വാഹനത്തിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തിറക്കി. അപകടത്തിൽപ്പെട്ട -വാഹനങ്ങൾ നീക്കിയ ശേഷം റോഡിൽ നിരന്ന കരി ഓയിൽ തകഴി ഫയർ സ്റ്റേഷൻ ഉദ്ദ്യോഗസ്ഥർ കഴുകി വ്യക്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

