ആലപ്പുഴ: ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റിലെ പരിഷ്കരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. അശാസ്ത്രീയ ലേണേഴ്സ് പരിഷ്കരണം പിൻവലിക്കുക, ലേണേഴ്സ് പരീക്ഷയിലെ അശാസ്ത്രീയ ക്യാപ്ച (മനുഷ്യനേയും മെഷീനിനേയും വേർതിരിച്ച് മനസിലാകുന്ന കംപ്യൂട്ടർ പ്രോഗ്രാം) സംവിധാനം പിൻവലിക്കുക, ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാനുള്ള പൗരൻ്റെ അവകാശം സംരംക്ഷിക്കുക, ഡ്രൈവിംഗ് സ്കൂൾ വ്യവസായത്തെ ബോധപൂർവ്വം തകർക്കാൻ ശ്രമിക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുക, ലീഡ്സ് ആപ്പിനെ ലേർണേഴ്സ് പരീക്ഷ നടത്താൻ ഏൽപിച്ച നടപടി പിൻവലിക്കുക, ജനങ്ങളുടെ സ്വകാര്യത കുത്തകൾക്ക് നൽകുന്ന നടപടി പിൻവലിക്കുക, ഡ്രൈവിംഗ് സ്കൂൾ മേഖലയിൽ ജോലിയെടുക്കുന്നവരുടെ തൊഴിൽ സംരംക്ഷിക്കുക, ഡ്രൈവിംഗ് സ്കൂൾ മേഖല കുത്തകൾക്ക് തീറെഴുതാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ധർണ്ണ നടത്തിയത്. ധർണ്ണ കെ.പി.സി.സി വൈസ് പ്രസിഡണ്ട് എ എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വായ്പ എടുത്ത് വാഹനം വാങ്ങി ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവരുടെ അന്നം മുട്ടിക്കുന്ന പരിഷ്കാരങ്ങൾ ആണ് മോട്ടോർ വാഹന വകുപ്പും ഗതാഗത മന്ത്രിയും കൈക്കൊള്ളുന്നതെന്ന് ഷുക്കൂർ പറഞ്ഞു. ഇത്തരം പരിഷ്ക്കാരം മൂലം നൂറ് കണക്കിന് പേർ ടെസ്റ്റ് പാസാകാതെ പുറത്ത് നിൽക്കുകയാണെന്നും ഷുക്കൂർ പറഞ്ഞു. മന്ത്രിയുടെ ഇത്തരം ജനദ്രോഹ നടപടികൾ പിൻവലിയ്ക്കണമെന്നും എ.എ ഷുക്കൂർ ആവശ്യപ്പെട്ടു.
ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി ജില്ലാ പ്രസിഡണ്ട് സുധീർ അജ്സൽ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വാഹന വകുപ്പിൻ്റെ സോഫ്റ്റ് വെയർ പരിഷ്കരണത്തിനു ശേഷം ലേണേഴ്സ് ടെസ്റ്റ് പൂർത്തിയാകുവാൻ കഴിയുന്നില്ലെന്നും അശാസ്ത്രിയമായ പരിഷ്കരണം പിൻവലിയ്ക്കണമെന്നും സുധീർ അജ്സൽ പറഞ്ഞു. ചോദ്യങ്ങളുടെ എണ്ണം 20-ൽ നിന്ന് 30 ആക്കി വർദ്ധിപിച്ചത് മാത്രമല്ല ചോദ്യങ്ങളുടെ കടുപ്പവും കൂടിയതായി ജില്ലാ സെക്രട്ടറി അൻസാരി ചെമ്മാരപള്ളി പറഞ്ഞു. സാങ്കേതിക തകരാർ മൂലം ഡ്രൈവിംഗ് പഠിയ്ക്കുവാൻ വരുന്ന പലരും മണിക്കൂറുകൾ കാത്തിരിന്നിട്ട് പരീക്ഷ എഴുതാതെ മടങ്ങുകയാണെന്നും അൻസാരി പറഞ്ഞു. മുഹമ്മദ് റഫീഖ്, അഡ്വ ഉണ്ണികൃഷ്ണൻ, ' ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി ജില്ലാ സെക്രട്ടറി ചെമ്മാരപള്ളി അൻസാരി, ജോൺസൺ സാരഥി, രമേശൻ കുട്ടനാട്, രമേശൻസിംല, ബാബുരാജ്,സുധാരമോൾ, സിയാദ്, രാജേഷ്, ആസ്റ്റിൻ, എച്ച് എം റഫീഖ്, കബീർ, രാജേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.

