'പച്ചപ്പിൻ്റെ പ്രചാരകൻ' ഇനി പുസ്തകത്താളുകളിൽ
ആൻ്റപ്പൻ്റെ വസതിയായ 'മഴ മിത്ര 'ത്തിൽ സുഹൃത്തുക്കൾ സ്ഥാപിച്ച സ്മൃതി മണ്ഡപം
എടത്വ: കേരള യൂണിവേഴ്സിറ്റി ബി.എ പാഠപുസ്തകത്തിൽ എടത്വ സ്വദേശിയും ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനുമായ ആൻ്റപ്പൻ അമ്പിയായം ഇടം നേടി.
കേരള യൂണിവേഴ്സിറ്റി ബി.എ മലയാളം മൂന്നാം സെമസ്റ്റർ മൂന്നാം മൊഡ്യൂളിൽ പരിസ്ഥിതി പഠനം എന്ന ഭാഗത്താണ് പച്ചപ്പിൻ്റെ പ്രചാരകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്.
ആർ. വിനോദ് കുമാറിൻ്റെ 'കേരളത്തിലെ ഹരിത ജാലകം തുറന്നവർ ' എന്ന പുസ്തകത്തിൽ ആൻ്റപ്പനെ കുറിച്ചു പറയുന്ന 'പട്ടു പോകാത്ത ഒറ്റമരം ' എന്ന ലേഖനമാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പന്‍ അമ്പിയായം(38) 2013 ജൂണ്‍ 3ന് എറണാകുളത്ത് വെച്ചാണ് സംഘടനയുമായി ബന്ധപ്പെട്ട യാത്രക്കിടയിൽ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.
ഹരിതവിപ്ലവ നായകനായിരുന്ന ആൻ്റപ്പൻ്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്
ആൻ്റപ്പൻ്റെ വസതിയായ 'മഴ മിത്ര 'ത്തിൽ സുഹൃത്തുക്കൾ ചേർന്ന് സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ എല്ലാ വർഷവും ഒത്തുകൂടാറുണ്ട്.
എടത്വ അമ്പിയായത്ത് ജോർജ് മാത്യൂ - ത്യേസിയാമ്മ ദമ്പതികളുടെ മകനായിരുന്ന ആൻ്റപ്പൻ്റെ ഭാര്യ സോണിയ ആണ്.ഹയർ സെക്കൻ ണ്ടറി വിദ്യാർത്ഥിയായ ഏബൽ മകനും മാധ്യമ പ്രവർത്തകനായ അനിൽ അമ്പിയായം സഹോദരനും ആണ്.
ആൻ്റപ്പൻ്റെ സ്മരണ നിലനിർത്തുന്നതിനും പരിസ്ഥിതി പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 'ഹരിത മിത്രം ' പുരസ്ക്കാരം ഏർപെടുത്തുവാൻ തീരുമാനിച്ചതായി ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര, സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.