അഡ്വ.ഷെറി.ജെ.തോമസ് എഴുതുന്നു

സർക്കാർ ഫണ്ട് ഉപയോഗിച്ച് നേട്ടങ്ങളുടെ പരസ്യം ചെയ്യുന്നതിന് വിലക്കുണ്ടോ ? 

പ്രതീകാത്മക ചിത്രം

കഴിഞ്ഞ ഒന്നു രണ്ട് മാസങ്ങളായി കേരളത്തിലെ മാധ്യമങ്ങൾ സംസ്ഥാന പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻറിൻറ ഔദ്യോഗിക പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. കോടിക്കണക്കിന് രൂപ ഇത്തരത്തിൽ പരസ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നത് പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്നല്ലേ എന്ന് പലരും ചോദ്യങ്ങൾ ഉയർത്തി. അതേസമയം സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പരസ്യങ്ങൾ ചെയ്യുന്നതിന് സർക്കാരിന് ചുമതലയും ഉണ്ട്. എവിടെയാണ് അതിർവരമ്പ് എന്നതാണ് പ്രസക്തമായ ചിന്ത.
2015 മെയ് മാസം ഈ വിഷയം സംബന്ധിച്ച് സുപ്രീം കോടതി പ്രസ്താവിച്ച വിധി ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. രാഷ്ട്രീയനേതാക്കളെയോ പാർട്ടികളെയോ ഉയർത്തി കാണിക്കുന്നതിനു വേണ്ടി വിവിധ സംസ്ഥാന സർക്കാരുകൾ പൊതു ഖജനാവിൽ നിന്ന് പണം ചിലവഴിച്ച് പരസ്യങ്ങൾ നൽകുന്നത് നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയിരുന്ന പൊതുതാൽപര്യ ഹർജിയിലാണ് ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിച്ചത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലും ഹർജി പരിഗണനയിൽ ഉണ്ട്. 
എന്താണ് പരസ്യങ്ങൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 
1.സർക്കാർ ചുമതലകൾ നിർവ്വഹിക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ 
2.വസ്തുതാപരവും നീതിപൂർവ്വവും സുതാര്യവുമായ രീതിയിൽ പ്രചരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റുന്ന പരസ്യങ്ങൾ ആകണം. 
3.രാഷ്ട്രീയപാർട്ടികളുടെ താൽപര്യങ്ങൾ നേരിട്ട്സംരക്ഷിക്കുന്ന രീതിയിൽ ആകരുത് പരസ്യങ്ങൾ
4.ഫലപ്രദവും ചെലവു ചുരുക്കിയും ആയ രീതിയിലാകണം പരസ്യങ്ങൾ
5.നിയമപരമായ സാമ്പത്തികനടപടിക്രമങ്ങൾ പാലിച്ച് കൊണ്ടാകണം പരസ്യങ്ങൾ.
ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങളിൽ, പരസ്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും ഫോട്ടോ പാടില്ല, ഓരോ സംസ്ഥാനത്തും ഓംബുഡ്സ്മാൻ ഉണ്ടാകണം, വകുപ്പ്തലത്തിലുള്ള പ്രവർത്തന ഓഡിറ്റ് ഉണ്ടാവണം എന്നിങ്ങനെയുള്ള മൂന്ന് നിർദ്ദേശങ്ങൾ, കരട് മാർഗനിർദേശങ്ങളിൽ നിന്ന് ഒഴിവാക്കി. ശേഷിക്കുന്നവ അംഗീകരിച്ച്, മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിന് സുപ്രീം കോടതി 2015 മെയ് 13 ന് ഉത്തരവിട്ടിരുന്നു. (WPC 13.2003, WPC 197.2004, WPC 302.2012)


Post a Comment

0 Comments