സാമൂഹ്യ സുരക്ഷ പെൻഷൻ: ഇതു വരെ 16730.67 കോടി രൂപ അനുവദിച്ചു

സാമൂഹ്യ സുരക്ഷ പെൻഷൻ: ഇതു വരെ 16730.67 കോടി രൂപ അനുവദിച്ചു

വിഷുവും ചെറിയ പെരുന്നാളും അനുബന്ധിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹ്യസുരക്ഷ പെൻഷനുകളുടെ വിതരണം നടക്കുകയാണെന്നും അർഹതയുള്ള 50,20,611 ഗുണഭോക്താക്കൾക്ക് ജനുവരി മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു 750,78,79,300 രൂപയും 50,35,946 ഗുണഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തിലെ പെൻഷൻ വിതരണം ചെയ്യാൻ 753,13,99,300 രൂപയും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇക്കാലയളവിനുള്ളിൽ വിവിധ ഇനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൽകുന്നതിനായി 16,730.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്.


സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനങ്ങളിലായി ആകെ 52,17,642 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നിവ ലഭിക്കുന്ന 47,55,920 ഗുണഭോക്താക്കളില്‍ 6,88,329 പേർക്കു മാത്രമാണ് എൻ.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 232 കോടിയോളം തുക കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ട്.


ഇത്രയും പേരിൽ വാർദ്ധക്യ കാല പെൻഷൻ ലഭിക്കുന്ന 80 വയസ്സിനു മുകളിലുള്ളവർക്ക് 500 രൂപയും അതിൽ താഴെയുള്ളവർക്ക് 200 രൂപയുമാണ് കേന്ദ്ര വിഹിതം. വികലാംഗ പെൻഷനിൽ 80 ശതമാനത്തിനു മുകളിൽ വൈകല്യമുള്ള 18 വയസ്സിനും അതിനു മുകളിലുമുള്ളവർക്ക് 300 രൂപയും വിധവ പെൻഷനിൽ 40 വയസ്സു മുതൽ 80 വയസ്സു വരെയുള്ളവർക്ക് 300 രൂപയുമാണ് കേന്ദ്ര വിഹിതം. അതിനാൽ ഇവർക്കെല്ലാം ഓരോ മാസവും ലഭിക്കുന്ന 1600 രൂപയിൽ ബാക്കി തുക ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്.


എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി.എഫ്.എം.എസ്. സോഫ്റ്റ്വെയര്‍ വഴി തന്നെയാകണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻ.എസ്.എ.പി. ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 463.96 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പോലും, കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എൻ.എസ്.എ.പി. ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെൻഷൻ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ക്കും മുഴുവൻ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. എൻ.എസ്.എ.പി. ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം തുടര്‍ന്നും ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് പഞ്ചായത്ത് വകുപ്പ് ഉപയോഗിക്കുന്ന സേവന സോഫ്റ്റ്വെയറിനെ പി.എഫ്.എം. എസ്-മായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എൻ.എസ്.എപി. ഗുണഭോക്താക്കള്‍ക്കുള്ള സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും പ്രത്യേകമായി ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായത്.


സാമൂഹ്യസുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്തമല്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഈ നവ ഉദാരവൽക്കരണ കാലഘട്ടത്തിലും പരിമിതികൾ ഏറെയുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് ജനക്ഷേമം ഉറപ്പിച്ചു മുന്നോട്ടു പോകാൻ സർക്കാരിനാകുന്നു എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാരിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് ഈ സർക്കാർ നടത്തുന്നതെന്ന വസ്തുതയ്ക്ക് ഇക്കാര്യം അടിവരയിടുന്നു.


എന്നാൽ ചിലർ ഈ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാനും മറ്റു ചിലർ പങ്കു പറ്റാനുമുള്ള വ്യഗ്രതയിലാണ്. 2011-16-ലെ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കായി ചെലവഴിച്ചത് 9,311.22 കോടി രൂപയായിരുന്നു. അതിൻ്റെ മൂന്നു മടങ്ങിലും അധികമാണ് (30054.64 കോടി രൂപ) കഴിഞ്ഞ എൽഡിഎഫ് സർക്കാർ അതിനായി ചെലവഴിച്ച തുക. അക്കാലത്ത് സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 34,43,414 ആയിരുന്നെങ്കിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്തത് 49,85,861 ആയി ഉയർന്നു. സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അനര്‍ഹരായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അര്‍ഹരായ കൂടുതല്‍ ആളുകളിലേയ്ക്ക് സഹായം എത്തിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചു വരുന്നത്. അതുകൊണ്ട് ഇന്ന് ആ സഹായം അർഹരായ അരക്കോടിയിൽ അധികം ആളുകളിലെത്തിക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു.


കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയായിരുന്നു. അവര്‍ അത് ആദ്യ വര്‍ഷം 400 രൂപയും രണ്ടാം വര്‍ഷം 525 രൂപയും ആക്കി ഉയര്‍ത്തി. ദേശീയ നയത്തിന്‍റെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്നും 900 രൂപയായും, വികലാംഗ പെന്‍ഷന്‍ 700 രൂപയായും ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുന്‍പായി മാര്‍ച്ച് മാസത്തില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 1500 രൂപയാക്കിയുയര്‍ത്തുകയും ചെയ്തു.


ഈ ഉയര്‍ത്തപ്പെട്ട വാര്‍ദ്ധക്യകാല പെന്‍ഷന്‍റേയും വികലാംഗ പെന്‍ഷന്‍റേയും ഗുണഭോക്താക്കള്‍ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. 85 ശതമാനമാനമാൾക്കാർക്കും യു.ഡി.എഫ് കാലത്ത് ലഭിച്ച പെന്‍ഷന്‍ തുക 525 രൂപയായിരുന്നു. അന്നത്തെ സര്‍ക്കാര്‍ ആകെ കൊണ്ടുവന്ന വര്‍ദ്ധനവ് വെറും 225 രൂപയാണ്. പെന്‍ഷന്‍ തുക അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തു. 19 മാസത്തെ കുടിശ്ശികയായി പെന്‍ഷനിനത്തില്‍ വരുത്തിവച്ച 1473.2 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൊടുത്തു തീര്‍ത്തത് തുടർന്നു വന്ന എൽഡിഎഫ് സർക്കാരാണ്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എല്ലാ പെന്‍ഷനുകളും 1000 രൂപയാക്കിയുയര്‍ത്തി. 2017 മുതല്‍ അത് 1100 രൂപയായും 2019ല്‍ അത് 1200 രൂപയായും 2020ല്‍ 1400 രൂപയായും വര്‍ദ്ധിപ്പിച്ചു. നിലവിൽ അത് 1600 രൂപയാണ്.


കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാം. 1980ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ ശേഷമാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്കരിച്ചത് 1987ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് അഭിമാനപൂർവ്വം ഈ സർക്കാർ മുന്നോട്ടു പോവുകയാണ്. അതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ ‘ഇത് ഞങ്ങളുടെ സർക്കാർ’ എന്നു പ്രഖ്യാപിക്കാൻ ഈ നാട്ടിലെ സാധാരണക്കാർക്ക് സാധിക്കുന്നത്. അവരോടൊപ്പം ഈ സർക്കാരുണ്ടെന്ന ഉറപ്പാണ് നാളെയ്ക്കുള്ള യാത്രയിൽ ഈ നാടിൻ്റെ കൈമുതൽ. കൂടുതൽ കരുത്തോടെ ഒരു മനസ്സോടെ നവകേരളം പടുത്തുയർത്താൻ നമുക്കു മുന്നോട്ടു പോകാം - മുഖ്യമന്ത്രി അറിയിച്ചു