ബെന്നിച്ചൻ തോമസ് മുഖ്യ വനംമേധാവി
ബെന്നിച്ചൻ തോമസ് കേരളത്തിന്റെ പുതിയ മുഖ്യവനം മേധാവിയായി . ഇന്നു
(25.05.2022) ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം . നിലവിൽ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിച്ച് വരുകയാണ്.1988 ബാച്ച് കേരള കേഡർ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്. തുടർച്ചയായി 34 വർഷക്കാലം വനംവകുപ്പിൽ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
ഔദ്യോഗിക രംഗത്ത് ബെന്നിച്ചൻ തോമസ് നടപ്പാക്കിയ പദ്ധതികൾ ഏറെയാണ്. 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്മെന്റ് ഓഫീസറായിരിക്കെ നടപ്പാക്കിയ പെരിയാർ മോഡൽ (ഇന്ത്യാ ഇക്കോ ഡവലപ്മെന്റ് പ്രോജക്റ്റ്) രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
സുവോളജി, ലൈഫ് സയൻസ്, ഫോറസ്ട്രി എന്നീ വിഷയങ്ങളിൽ മാസ്റ്റേഴ്സ് യോഗ്യതയുണ്ട്. രണ്ടു വർഷം കൊച്ചി സർവ്വകലാശാല പരിസ്ഥിതി വകുപ്പിൽ എൻവയേൺമെന്റൽ ബയോ കെമിസ്ട്രി എന്ന വിഷയത്തിൽ യുജിസി ഫെല്ലോ ആയി ഗവേഷണവും നടത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് നിരവധി ഗുഡ് സർവ്വീസ് എൻട്രികളും ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.കോട്ടയം കിടങ്ങൂർ ചെമ്പിളാവ്കര പുല്ലാട്ടുകുന്നേൽ കെ.വി.തോമസ്, കുട്ടിയമ്മ ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനാണ് ബെന്നിച്ചൻ തോമസ്. ഭാര്യ ജോളി ബെന്നിച്ചനും മക്കളായ ബിറ്റോ, ജ്യുവൽ,ദിൽ എന്നിവരുമടങ്ങുന്നതാണ് കുടുംബം.

.
0 Comments