എന്റെ ജില്ല മൊബൈൽ ആപ്പ്:
പുരോഗതി വിലയിരുത്തി
കോട്ടയം: 'എന്റെ ജില്ല' മൊബൈൽ ആപ്പിന്റെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്തു. സബ് കളക്ടർ രാജീവ് കുമാർ ചൗധരി അധ്യക്ഷത വഹിച്ചു. 'എന്റെ ജില്ല' ആപ്പിലൂടെ ജില്ലയിലെ സർക്കാർ ഓഫീസുകൾക്ക് ജനങ്ങൾ നൽകുന്ന റേറ്റിംഗും വിവിധ ഓഫീസുകളിൽനിന്ന് ലഭിക്കുന്ന സേവനമടക്കമുള്ളവയെക്കുറിച്ച് രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികളും ചർച്ച ചെയ്തു.
ജില്ലാ കളക്ടറുടെ കീഴിൽ സബ് കളക്ടർ രാജീവ് കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം റേറ്റിംഗും അഭിപ്രായങ്ങളിൽ സ്വീകരിച്ച നടപടിയും തത്സമയം വിലയിരുത്തും. റേറ്റിംഗ് നില എല്ലാ ആഴ്ചയും പരിശോധിക്കും. കുറഞ്ഞ റേറ്റിംഗ് ഉള്ള സ്ഥാപന മേധാവികളിൽ നിന്ന് വിശദീകരണം തേടും.
മികവു പുലർത്തുന്ന ഓഫീസുകൾക്ക് അംഗീകാരം നൽകുന്നതോടൊപ്പം അല്ലാത്തവയെ തിരുത്താനുള്ള നടപടികളും കൈക്കൊള്ളും. ഇതു സംബന്ധിച്ച വിശദവിവരം ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി ജനുവരി ഏഴിന് വകുപ്പു മേധാവികളുടെ യോഗം ചേരുമെന്ന് സബ് കളക്ടർ പറഞ്ഞു.
ജില്ലയിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എവിടെ സ്ഥിതിചെയ്യുന്നു, ഫോൺനമ്പർ, ഇ-മെയിൽ വിലാസം അടക്കമുള്ള വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ അറിയാം. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും എന്റെ ജില്ല ആപ്പിലൂടെ കഴിയും. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിംഗ് നൽകാനും സാധിക്കും. ഓഫീസുകളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അവലോകനങ്ങൾ ജില്ലാ കളക്ടർ നിരീക്ഷിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'എന്റെ ജില്ല'(Ente Jilla) ആപ്പ് ഡൗൺലോഡ് ചെയ്യാം
0 Comments