ആബുലൻസ് ബോട്ട് ദ്വീപിൽ തന്നെ
ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികൾക്ക് ആശ്വാസമേകി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആംബുലൻസ് ബോട്ട് ദ്വീപിലെ മാർക്കറ്റ് ജെട്ടിക്ക് സമീപം സ്ഥിരമായി ഇടുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. പെരുമ്പളം ഗ്രാമപഞ്ചായത്തിന്റേയും ജനകീയ കൂട്ടായ്മയുടേയും ഇടപെടലിന്റെ ഫലമായാണ് ആബുലൻസ് ബോട്ട് ദ്വീപിൽ തന്നെ ഇടുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ആംബുലൻസ് ബോട്ട് ഇടുന്നതിനായി മാർക്കറ്റ് ജെട്ടിക്ക് സമീപം താങ്ങുകുറ്റികൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജീവനക്കാർക്ക് താമസിക്കാൻ കെട്ടിടവും സജ്ജമാക്കുന്നുണ്ട്. നിലവിൽ പാണാവള്ളി ബോട്ട് സ്റ്റേഷനിലാണ് ജീവനക്കാർ താമസിക്കുന്നത്. പെരുമ്പളത്തെ ദ്വീപ് നിവാസികളെ അടിയന്തര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായാണ് ദ്വീപിൽ സർക്കാർ ആംബുലൻസ് ബോട്ട് സംവിധാനം ഒരുക്കിയത്. നിലവിൽ ദ്വീപിന് പുറത്ത് പാണാവള്ളി ബോട്ട് ജെട്ടിയിലാണ് ആംബുലൻസ് ബോട്ട് നിർത്തിയിട്ടിരുന്നത്. അടിയന്തര സാഹചര്യത്തിൽ ദ്വീപുകാർ ബന്ധപ്പെട്ടാൽ പാണാവള്ളിയിൽ നിന്ന് വേണം ബോട്ടെത്താൻ. പാണാവള്ളിയിൽ നിന്നും ബോട്ട് ഓടിയെത്താനെടുക്കുന്ന സമയനഷ്ടം ഒഴിവാക്കാനായി ബോട്ട് പെരുമ്പളം ദ്വീപിൽത്തന്നെ വേണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് പെരുമ്പളം ദ്വീപിൽ തന്നെ ആംബുലൻസ് ബോട്ടിന് തങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.
ആംബുലൻസ് ബോട്ട് ദ്വീപിൽ തന്നെ നിലനിർത്താനുള്ള നിർമാണ പ്രവർത്തനങ്ങളും നടപടികളും ഒരാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്നും ഇതോടെ ദ്വീപ് നിവാസികളുടെ ആശങ്കയ്ക്ക് വിരാമമാകുമെന്നും പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ പറഞ്ഞു
0 Comments