പച്ചപ്പ് നിറഞ്ഞ രാജസ്ഥാനിലെ പിപ്ലാന്ത്രിയിലേക്ക് മരത്തൈകളയക്കുന്ന അമ്പലപ്പുഴ സ്വദേശി

പെൺകുട്ടി ജനിച്ചാൽ 111 മരങ്ങൾ നടുന്ന ഗ്രാമം
 പത്മശ്രീ ശ്യാം സുന്ദർ പാലിവാൾ പിപ്ലാന്ത്രിയിലെത്തിയ വിഷ്ണു കണ്ണമ്പള്ളിയെ സ്വീകരിക്കുന്നു(ഫയൽ ചിത്രം)




രാജസ്ഥാനിൽ പിപ്ലാന്ത്രി എന്ന ഗ്രാമത്തിൽ ഓരോ പെൺകുഞ്ഞും ജനിക്കുമ്പോൾ പിപ്ലാന്ത്രിയിലെ ഗ്രാമവാസികൾ 111 മരങ്ങൾ നട്ടുപിടിപ്പിക്കുകയും പെൺകുട്ടികൾ വളരുന്നതിനൊപ്പം ഈ മരങ്ങൾ നിലനിൽക്കുമെന്ന് സമൂഹം ഉറപ്പാക്കുന്നു. വേപ്പ്, , മാങ്ങ, അംല എന്നിവയും മറ്റു ഫലവൃക്ഷങ്ങളുൾപ്പടെ ഗ്രാമത്തിലെ മേച്ചിൽപ്പുറങ്ങളിൽ വർഷങ്ങളായി 300,000 മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഗ്രാമവാസികൾക്ക് കഴിഞ്ഞു.

 
സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി ഒരു പെൺകുഞ്ഞിന്റെ ജനനശേഷം, ഗ്രാമവാസികൾ 21,000 രൂപ ഒരുമിച്ച് സംഭാവന ചെയ്യുകയും മാതാപിതാക്കളിൽ നിന്ന് 10,000 രൂപ എടുത്ത് സ്ഥിരനിക്ഷേപമായി ബാങ്ക് അക്കൗണ്ടിൽ ഇടുകയും ചെയ്യുന്നു, അത് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. പെൺകുട്ടിക്ക് ശരിയായ വിദ്യാഭ്യാസം നൽകുമെന്ന് ഗ്രാമവാസികൾ മാതാപിതാക്കളിൽ സത്യവാങ്മൂലവും വാങ്ങുന്നു.

 
ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് ശ്യാം സുന്ദർ പാലിവാൾ എന്ന മുൻ ഗ്രാമത്തലവനാണ്. ഇദ്ദേഹം നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മരിച്ച തന്റെ മകൾ കിരണിന്റെ സ്മരണയ്ക്കായി ഈ സംരംഭം ആരംഭിച്ചത് .2006-ൽ ആരംഭിച്ച പദ്ധതി പിപ്ലാന്ത്രി ഗ്രാമത്തെ ഒരു മരുപ്പച്ചയാക്കി മാറ്റി. ഒരു പെൺകുഞ്ഞിന്റെ ജനനം ഗ്രാമത്തെ ആഘോഷഭരിതമാക്കുന്നു. ഗ്രാമം ഒട്ടനവധി മരങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു, ഇത് ഉയർന്ന ജലനിരപ്പിലേക്കും സമ്പന്നമായ വന്യജീവികളിലേക്കും നയിക്കുന്നു.ഈ പദ്ധതി നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമത്തിൽ 2.5 ദശലക്ഷത്തിലധികം കറ്റാർ വാഴ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ക്രമേണ, കറ്റാർവാഴ പലതരത്തിൽ സംസ്കരിച്ച് വിപണനം ചെയ്യാമെന്ന് ഗ്രാമവാസികൾ മനസ്സിലാക്കി. ഇപ്പോൾ കറ്റാർ അധിഷ്ഠിത ഉൽപ്പന്നങ്ങളായ ജ്യൂസ്, ജെൽ എന്നിവ ഉൽപ്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.

 
ഈ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അറിഞ്ഞ അമ്പലപ്പുഴ സ്വദേശി വിഷ്ണു കണ്ണമ്പള്ളി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും അവിടെയെത്തി പദ്ധതിയെ കുറിച്ച് പഠിക്കുകയും ചെയ്തു. കൂടാതെ കേരളത്തിലെ വൃക്ഷത്തെകളും ചെടികളും അവിടെ എത്തിച്ചു നട്ടുപിടിപ്പിക്കുകയും ചെയ്തു.ശ്യാം സുന്ദർ പാലിവാലിന്റെ ആതിഥ്യത്തിൽ അവിടെ കുറച്ചു ദിവസം താമസിക്കുകയും ചെയ്തു.അദ്ദേഹവുമായി ഊഷ്മളമായ ബന്ധം പുലർത്തുന്ന വിഷ്ണു കേരളത്തിലെത്തിയ ശേഷവും വൃക്ഷത്തൈകളും ചെടികളും സ്ഥിരമായി കൊറിയർ മുഖേന അയച്ചു കൊടുക്കുന്നു.

 
കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിൽ വളരെ വിപുലമായിട്ടാണ് പിപ്ലിന്ത്രിയിൽ ഇത്തവണ ഗ്രാമോത്സവം സംഘടിപ്പിച്ചത്.ദേശീയ തലത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ കേരളത്തിൽ നിന്നും വിഷ്ണു കണ്ണമ്പള്ളിയെ ക്ഷണിച്ചിരുന്നു.എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ പോകാൻ സാധിച്ചിരുന്നില്ല.തുടർന്ന് ശ്യാം സുന്ദർ പാലിവാൾ ഫോണിൽ ബന്ധപ്പെടുകയും മറ്റൊരു ദിവസമെത്തി പിപ്ലാന്ത്രി ഗ്രാമത്തിന്റെ ആദരവ് ഏറ്റുവാങ്ങണമെന്നറിയിച്ചു.