വയലാർ ജനമനസ്സുകളിൽ കോരിയിട്ടത് കരുത്തുറ്റ രചനകളെന്ന് പ്രൊഫസ്സർ എം തോമസ് മാത്യൂ.
ആലപ്പുഴ: (വയലാർ) വയലാർ രാമവർമ്മയുടെ വിയോഗത്തിൻ്റെ അൻപത് വർഷത്തെ ഓർമ്മകൾ പങ്ക് വെക്കുന്നതിനായി സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ വയലാർ അന്ത്യവിശ്രമം കൊള്ളുന്ന രാഘപറമ്പിലെ ചന്ദ്രകളഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വയലാർ സുവർണ്ണ സ്മൃതി സാഹിത്യ ആസ്വാദകർക്ക് നവ്യാനുഭവമായി. വയലാറിൻ്റെ ചലച്ചിത്രഗാനങ്ങളും കവിതകളും രചനകളും അൻപത് വർഷം കഴിഞ്ഞിട്ടും ലോകത്തിലെ മലയാളികൾ ഇന്നും മനസിൻ്റെ ഓർമ്മകളിൽ ഒളിപ്പിച്ച് വെച്ചിരിയ്ക്കുകയാണെന്ന് വയലാർ സുവർണ്ണ സ്മൃതി ഉദ്ഘാടനം ചെയ്ത പ്രശ്സ്ത സാഹിത്യ നിരുപകൻപ്രൊഫസ്സർ എം തോമസ് മാത്യൂ പറഞ്ഞു. വയലാർ ജനമനസ്സുകളിൽ കോരിയിട്ടത് കരുത്തുറ്റ രചനകളാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിനും മനുഷ്യപുരോഗതിയ്ക്കും വേണ്ടിയാണ് വയലാർ തൻ്റെ തൂലിക ചലിപ്പിച്ചതെന്നും തോമസ് മാത്യൂ പറഞ്ഞു. വയലാർ ദൗർബല്യങ്ങള അതിജീവിച്ച് കരുത്ത് കാട്ടി വെല്ലുവിളികൾ ഏറ്റെടുത്തത് തൻ്റെ രചനകളിലുടെ യാണെന്നും തോമസ് മാത്യൂ പറഞ്ഞു. വയലാർ 47 വർഷം ജീവിച്ചതിനേക്കാൾ കഴിഞ്ഞ അൻപത് വർഷം ജീവിച്ചതും ഇനി ജീവിയ്ക്കാൻ ഇരിക്കുന്നതും കേരളീയ ജനതയുടെ ഹൃദയങ്ങളിലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലകൃഷ്ണൻ പറഞ്ഞു. വയലാർ മുന്നോട്ട് സഞ്ചരിച്ച കവി മാത്രമല്ല അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും പിന്നോട്ട് സഞ്ചരിച്ച് കൊണ്ടേയിരിക്കുന്നു. വയലാർ ഇന്നലെയുടെ കവിയും നാളെയുടെ കവിയുമാണെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. മനുഷ്യനന്മയുടെ രചനകൾ ആണ് വയലാർ സമർപ്പിച്ചത് എന്ന് പ്രശ്സ്ത ചലച്ചിത്രഗാന രചയിതാവ് ആർ.കെ ദാമോദരൻ പറഞ്ഞു. മലയാള കവിതയുടെയും നാടക ചലച്ചിത്രഗാന ശാഖയുടെയും രചനകളുടെ ചരിത്രത്തിൽ വയലാറിൻ്റെ സ്ഥാനം വലുതാണെന്നും ആർ.കെ ദാമോദരൻ പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡൻ്റ് ഡോക്ടർ ടി.എസ്.ജോയ് അദ്ധ്യക്ഷത വഹിച്ചു.
വയലാറിൻ്റെ പ്രിയപത്നി ഭാരതി തമ്പുരാട്ടി ദീപ പ്രകാശനം നടത്തി. സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോക്ടർ നെടുമുടി ഹരികുമാർ, വയലാറിൻ്റെ മകൻ ശരത്ചന്ദ്രവർമ്മ, സാഹിത്യ പരിഷത്ത് സെക്രട്ടറിമാരായ ശ്രീമൂലനഗരം മോഹൻ, അഡ്വ എം. 'കെ ശശീന്ദ്രൻ, നിർവാഹക സമിതിയംഗം കെ. എ സെബാസ്റ്റ്യൻ, സാഹിത്യ പരിഷത്ത് ട്രഷറർ ഡോക്ടർ അജിതൻ മേനോത്ത്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് . വയലാർ കവിതകളും ഗാനങ്ങളും കോർത്തിണക്കിയുള്ള സ്കൂൾ കോളജ് വിദ്യാർത്ഥികളുടെ കാവ്യാഞ്ജലി അവതരണവും നടന്നു. പരിപാടികൾക്ക് തുടക്കം കുറിച്ച് വയലാർ രാമവർമ്മ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.

