പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്ത് നിറുത്തലാണ് മനുഷ്യ നന്മ - രമേശ് ചെന്നിത്തല

പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്ത് നിറുത്തലാണ് മനുഷ്യ നന്മ - രമേശ് ചെന്നിത്തലഅമ്പലപ്പുഴ: പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്ത് നിറുത്തലാണ് മനുഷ്യ നന്മയെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അമ്പലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക സംഘടനയായ ഫ്യൂച്ചറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴയിലെ പ്രമുഖ പ്രവാസി വ്യവസായി യു എ ഇ യിലെ എലൈറ്റ് ഗ്രൂപ്പ് കമ്പനി മാനേജിംഗ്‌ ഡയറക്ടർ നീർക്കുന്നം തട്ടാരു പറമ്പിൽ ഹരികുമാറിനെ ആദരിക്കുന്ന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. ഹരികുമാറിന്റെ പ്രവാസ സംരംഭത്തിലൂടെ ലഭിക്കുന്ന ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിന് മാറ്റി വെക്കുന്നത് ആത്മാർത്ഥതയുടെയും മനുഷ്യ സ്നേഹത്തിന്റെയും പ്രതീകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫ്യൂച്ചറിന്റെ സ്നേഹാദരവും മെമ്മോന്റയും എച്ച് സലാം എം എൽ എ ഹരികുമാറിന് സമ്മാനിച്ചു.


 തന്റെ സ്ഥാപനത്തിലെ ജീവനക്കാരനെ തന്റെ സഹോദരനാണെന്ന് കരുതി ഹൃദയത്തോട് ചേർത്ത് നിറുത്തുന്ന വ്യക്തിയാണ് ഹരികുമാറെന്ന് എച്ച് സലാം എം എൽ എ പറഞ്ഞു. ഫ്യൂച്ചർ അമ്പലപ്പുഴയുടെ ചെയർമാൻ അഡ്വ എ നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ വി ദിനകരൻ മുഖ്യപ്രഭാഷണം നടത്തി. ജീവ കാര്യണ്യ രംഗത്തും പൊതു രംഗങ്ങളിലും ഹരികുമാർ നൽകുന്ന സംഭാവനകൾ വിലമതിയ്ക്കുവാൻ കഴിയാത്തതാണെന്ന് ദിനകരൻ പറഞ്ഞു . അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, അമ്പലപ്പുഴ ഫോക്കസ് ചെയർമാൻ സി രാധാകൃഷ്ണൻ , അമ്പലപ്പുഴ കുടുംബവേദി കൺവീനർ എസ് രാജൻ, അമ്പലപ്പുഴ ടൗൺ ക്ലബ്ബ് വൈസ് ചെയർമാൻ കൊട്ടാരം ഉണ്ണികൃഷ്ണൻ , ഫ്യൂച്ചർ രക്ഷാധികാരി കെ ജി പത്മകുമാർ , സെക്രട്ടറി യു അഷറഫ്, അമ്പലപ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എൻ മോഹൻദാസ് , സി പ്രദീപ്, ജമാൽ പള്ളാതുരുത്തി എന്നിവർ പ്രസംഗിച്ചു.   തുടർന്ന് അമ്പലപ്പുഴ ഫ്യൂച്ചറിന് വേണ്ടി ചെയർമാൻ എ നിസാമുദ്ദിൻ ഹരി കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.