ക്യാൻസർ പേഷ്യൻസിനുള്ള ഇളനീർ വിതരണം ഇരുപത്തിയഞ്ചു ആഴ്ച പിന്നിട്ടു


പതിനായിരത്തോളം കരിക്കുകൾ നൽകി കോൺഗ്രസ്സിന്റെ കാരുണ്യ സ്പർശം
അമ്പലപ്പുഴ : വണ്ടാനം ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്യാൻസർ ബ്ലോക്കിലുള്ള ക്യാൻസർ പേഷ്യൻസിന്  ആഴ്ചയിൽ പതിവായി നൽകിവരുന്ന ഇളനീർദാന പദ്ധതി ഇരുപത്തിയഞ്ച് ആഴ്ച ( ആറ് മാസം ) പിന്നിട്ടു.
"കാരുണ്യ സ്പർശം" എന്ന പേരിൽ ഇതിനോടകം പതിനായിരത്തോളം കരിക്കുകൾ  നൽകി കോൺഗ്രസ്സ്‌ -യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നാട്ടിൽ മാതൃകയായിമാറുന്നു.
പുറക്കാട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ മാസത്തിൽ നടത്തിയ പരിപാടിയിൽ പങ്കാളികളായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അഭ്യർത്ഥന മാനിച്ചാണ് കോൺഗ്രസ്‌ ബ്ലോക്ക്‌ നേതൃത്വം ഇളനീർ ദാന പദ്ധതി മുന്നോട്ട്കൊണ്ടുപോകുന്നത്.
ഇപ്പോൾ നൂറുകണക്കിനാളുകളാണ് ഓരോ ആഴ്ചയിലും പദ്ധതിയുടെ ഗുണഭോക്താക്കളായിമാറുന്നത്.


അമ്പലപ്പുഴ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലുമായി നിലകൊള്ളുന്ന വിവിധ വാർഡുകളിൽനിന്നുമാണ് എല്ലാ ആഴ്ചയിലും അവശ്യമായ കരിക്കുകൾ ശേഖരിച്ച് കീമോ തെറാപ്പിയ്ക്ക് വിധേയരാകുന്ന രോഗികൾക്കടക്കം ഇളനീരെത്തിക്കുന്നത്.
ഒരു തവണത്തേയ്ക്ക് ഏകദേശം മുന്നൂറിൽപരം കരിക്കുകളാണ് വേണ്ടിവരുന്നത്.
ഓരോ പ്രദേശത്തെയും കോൺഗ്രസ്‌ പ്രവർത്തകർ വീട് വീടാന്തരം കയറിയിറങ്ങി കരിക്ക് ശേഖരിച്ച് ചെത്തിഒരുക്കിയാണ് ആശുപത്രിയിൽ എത്തിക്കുന്നത്.
അൻപതോളം സന്നദ്ധ സേവകരാണ്  ഈ ജീവകാരുണ്യ പ്രവർത്തിയ്ക്കായി പണിയെടുത്തുവരുന്നത്.



 25-ാം ആഴ്ച തോട്ടപ്പള്ളിയിൽനിന്നും കരിക്കുമായെത്തിയ "ഇളനീർവണ്ടി" മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്യാൻസർ വാർഡിനുമുന്നിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ ജി.ബൈജു കരിക്ക് വിതരണം ഉദ്ഘാടനം ചെയ്തു.
മാതൃകാപരമായ പദ്ധതിയാണ് എം.സി. എച്ചിൽ നടക്കുന്ന ഇളനീർ വിതരണമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ലതാ ബാബുക്കുട്ടി പറഞ്ഞു.
കോൺഗ്രസ്‌ നേതാക്കളായ എം.എച്ച്. വിജയൻ,എം വി രഘു, ആർ.വി.ഇടവന,എ.ആർ.കണ്ണൻ,സീനോ വിജയരാജ്,സജിമാത്തേരി,സൽപുത്രൻ,സുധീഷ്,സീന ടീച്ചർ,ഹനീഫ,കമറുദ്ധീൻ എന്നിവരും 
 യൂത്ത് കോൺഗ്രസ്‌ നേതാക്കളായ നിതിൻരാജേന്ദ്രൻ, ഷിത ഗോപിനാഥ് ,നിസാർ വെള്ളാപ്പള്ളി ,അസർ അസ്‌ലം,വിമൽ കുമാർ ,സോണിയ ,ഹരികൃഷ്ണൻ ബാബു, എന്നിവരും പരിപാടിയ്ക്ക് നേതൃത്വം നൽകി.