ഗായിക വാണിജയറാം അന്തരിച്ചു
ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. തെന്നിന്ത്യയിൽ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയെല്ലാം ഗാനങ്ങൾക്ക് അവർ ശബ്ദമേകി.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ഗാനങ്ങൾ ആലപിച്ചു. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്.
1974-ൽ ചെന്നെയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. 'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനത്തോടെ അവർ മലയാളത്തിലും ചുവടുറപ്പിച്ചു. മലയാളികളുടെ ജീവിതം സംഗീത സമ്പന്നമാക്കുന്നതിൽ അനശ്വര പ്രതിഭകൾക്കൊപ്പം വാണി ജയറാമിനും സർഗ്ഗ പങ്കാളിത്തമുണ്ട് .