എന്റെ കൂട് ' ഇനി എറണാകുളത്തും
സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത അഭയം ഉറപ്പാക്കുന്ന 'എന്റെ കൂട്' ഇനി എറണാകുളം ജില്ലയിലും പ്രവർത്തിക്കും. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കാക്കനാട് ഐ എം ജിയ്ക്ക് സമീപം നിർമിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എന്റെ കൂട് പ്രവർത്തിക്കുക. പലവിധ ആവശ്യങ്ങൾക്കായി മറ്റിടങ്ങളിൽ നിന്നെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയിൽ സുരക്ഷിത താമസമുറപ്പാക്കാനാണ് ഈ കേന്ദ്രങ്ങൾ ആരംഭിച്ചത്. നിലവിൽ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ എന്റെ കൂട് പ്രവർത്തിക്കുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്താണ് എറണാകുളത്തും പദ്ധതി ആരംഭിക്കുന്നത്. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകളാണ് ഈ ഇടങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറെയും. വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെയാണ് വിശ്രമിക്കാനാവുക. മാസത്തിൽ പരമാവധി 3 ദിവസത്തേയ്ക്ക് മാത്രമാണ് സൗജന്യ പ്രവേശനം.
അടിയന്തിര സാഹചര്യങ്ങളിൽ 3 ദിവസങ്ങളിൽ കൂടുതൽ താമസിക്കേണ്ടിവന്നാൽ അധികമായി വേണ്ടി വരുന്ന ഓരോ ദിവസത്തിനും 150 രൂപ നൽകണം. സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിനു താഴെ പ്രായമുള്ള ആൺകുട്ടികൾ എന്നിവർക്കാണ് പ്രവേശനം. അശരണരായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കുട്ടികൾക്ക് മാത്രമായി പ്രവേശനം അനുവദിക്കില്ല. കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പ്രവേശനം നേടേണ്ടത്.
പുലർച്ചെ മൂന്ന് മണി വരെ എത്തുന്നവർക്ക് പ്രവേശനം അനുവദിക്കും. പ്രവേശന സമയത്ത് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം. രാത്രി 8 മണി വരെ പ്രവേശനം നേടുന്നവർക്ക് സൗജന്യ രാത്രി ഭക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ പ്രവർത്തനം, ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികൾ directorate.wcd@kerala.gov.in, 0471-2346508 എന്നിവയിൽ അറിയിക്കാം. 2015 ൽ കോഴിക്കോട് കസബ സ്റ്റേഷന് സമീപവും 2018 ൽ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനൽ കെട്ടിടത്തിലുമാണ് എന്റെ കൂട് കേന്ദ്രങ്ങൾ ആരംഭിച്ചത്