2020-21 സാമ്പത്തിക വർഷത്തിൽ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്. 252.71 കോടി രൂപയായിരുന്നു 2020-21 ലെ മൊത്തവരുമാനം. പ്രതിവർഷം ഒരു കോടിയോളം യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന സിയാലിന് കോവിഡ് കാലഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവു നേരിട്ടിരുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ കോവിഡ് ഭീഷണി ഒഴിഞ്ഞതിനൊപ്പം കണക്റ്റിവിറ്റി വർധിപ്പിക്കാൻ കമ്പനി നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ലക്ഷ്യം കണ്ടു. യാത്രക്കാരുടെ എണ്ണം 24.7 ലക്ഷത്തിൽനിന്നും 47.59 ലക്ഷത്തിലേക്ക് ഉയർന്നു.
418.69 കോടി രൂപയാണ് 2021-22ലെ മൊത്തവരുമാനം. 217.34 കോടി രൂപ ആണ് പ്രവർത്തന ലാഭം. നികുതിക്ക് മുമ്പുള്ള ലാഭം 37.68 കോടി രൂപയും നികുതി കിഴിച്ചുള്ള ലാഭം 26.13 കോടി രൂപയുമാണ്. സിയാലിന് നൂറുശതമാനം ഓഹരിയുള്ള സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീടെയിൽ സർവീസസ് ലിമിറ്റഡിന്റെ (സി.ഡി .ആർ .എസ്.എൽ) വരുമാനം 52.32 കോടി രൂപയിൽ നിന്നും 150.59 കോടി രൂപയിലേക്കു വർധിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 675 കോടി രൂപയുടെ മൊത്തവരുമാനമാണ് സിയാൽ പ്രതീക്ഷിക്കുന്നത്.
പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന സൗകര്യവികസനത്തിൽ വൻ മുന്നേറ്റം സിയാൽ കാഴ്ചവെച്ചിരുന്നു. അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതി, പയ്യന്നൂരിലെ 12 മെഗാ വാട്ട് സൗരോർജ പദ്ധതി എന്നിവ ഈ കാലയളവിൽ കമ്മീഷൻ ചെയ്തു. ബിസിനസ് ജെറ്റ് ടെർമിനലിന്റെ നിർമാണം തുടങ്ങി. വെള്ളപ്പൊക്ക നിവാരണ പദ്ധതിയായ ഓപ്പറേഷൻ പ്രവാഹ് പൂർത്തിയാക്കി. അന്താരാഷ്ട്ര കാർഗോ ടെർമിനൽ നിർമാണം പുനരാരംഭിച്ചു. കണക്റ്റിവിറ്റി വർധിപ്പിക്കാൻ മാനേജ്മന്റ് നടത്തിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ഉൾപ്പടെയുള്ള നിരവധി എയർലൈനുകൾ സിയാലിനിൽ നിന്നും സർവീസ് ആരംഭിച്ചു. നിരവധി ആഭ്യന്തര എയർലൈനുകൾ അന്താരാഷ്ട്ര സർവിസുകൾ ആരംഭിക്കാനുള്ള ഹബ് എന്ന നിലയ്ക്കും സിയാലിനെ പരിഗണിച്ചു തുടങ്ങിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തിൽ ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനം ആരംഭിക്കുന്നതുൾപ്പടെയുള്ള പദ്ധതികളാണ് സിയാൽ ലക്ഷ്യമിടുന്നത്