വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമിച്ചതാണ് സ്‌കൂള്‍ കെട്ടിടം
പുതുശേരിമല ഗവ.യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പുതുശേരിമല ഗവ.യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. പുതുശേരിമല ഗവ.യു.പി.സ്‌കൂളില്‍ നടന്ന സ്‌കൂള്‍തല ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂളിന്റെ ഇനിയുള്ള വിവിധ വികസന പ്രവര്‍ത്തങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പുതുശേരിമല ഗവ.യു.പി. സ്‌കൂളില്‍ പഠിച്ച മുന്‍ തലമുറയ്ക്കുള്ള ദക്ഷിണയാണ് പുതിയ സ്‌കൂള്‍ കെട്ടിടം. ആധുനിക കേരളത്തിന്റെ വൈജ്ഞാനിക തല വികസനത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണിത്. ഗ്രാമ പഞ്ചായത്തും, പിടിഎയും, അധ്യാപകരും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. നല്ല മനുഷ്യരെ സൃഷ്ടിക്കുന്ന കേന്ദ്രമായി സ്‌കൂളുകള്‍ മാറണം. സ്വപ്ന പദ്ധതിയായ നോളജ് വില്ലേജ് വരും കാല തലമുറയ്ക്കുവേണ്ടിയുള്ള പദ്ധതിയാണ്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും എംഎല്‍എ പറഞ്ഞു. 42.5 ലക്ഷം രൂപ ചെലവിലാണ് പുതിയ സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷം കൊണ്ടാണ് നിര്‍മാണം നടത്തിയത്. രണ്ട് ക്ലാസ് റൂം, സ്റ്റെയര്‍കേസ് 135.66 മീറ്റര്‍ സ്‌ക്വയര്‍ പ്ലിന്ത് ഏരിയയിലാണ് കെട്ടിടം നിര്‍മിച്ചത്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments