ഗവ. എഞ്ചിനീയര്‍ കോളേജില്‍ കെഡിസ്‌ക്ക് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു
തൃശ്ശൂർ:സംസ്ഥാനത്തെ കോളേജുകളില്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ജില്ലാ ഭരണകൂടത്തിന്റെയും കേരള ഡെവലപ്‌മെന്റ് ആന്റ് ഇനൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിന്റെ (കെഡിസ്‌ക്ക്) നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
*നിലവില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ കമ്പോളത്തിന് ആവശ്യമായ വൈദഗ്ധ്യത്തിന്റെ കുറവുണ്ട്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് പ്രശ്നം വളരെ രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈദഗ്ധ്യ പോഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കും. സര്‍വകലാശാലകളെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ കേന്ദ്രമെന്നതിലപ്പുറം, വിദ്യാര്‍ഥികളില്‍ ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള കരുത്ത് പകരുന്ന കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി അന്താരാഷ്ട്ര ഏജന്‍സികളുമായി കൈകോര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
*വിദ്യാര്‍ഥികള്‍ തൊഴില്‍ അന്വേഷകര്‍ എന്നതിലുപരി, തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള പരിശീലനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കെത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ജോബ് ഫെയറുകളെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ജനുവരിയില്‍ 10,000 പേര്‍ക്ക് ജോലി ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും കലക്ടര്‍ അറിയിച്ചു.
*പി ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായ പരിപാടിയില്‍ കെകെഇഎം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗവ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ രഞ്ജിനി ഭട്ടതിരിപ്പാട് ടി സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത നന്ദിയും പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍ ആശംസകള്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴില്‍ ദാതാക്കള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ നേരിട്ടും ഓണ്‍ലൈനുമായാണ് മെഗാ ജോബ് ഫെയര്‍ നടത്തിയത്. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളും തൊഴില്‍ദാതാക്കളുമാണ് മേളയില്‍ പങ്കെടുത്തത്.

0 Comments