സ്വാമി വിവേകാനന്ദന്‍റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനം:ആഘോഷങ്ങൾക്ക് ഡിസംബർ 05 ന് തുടക്കംതൃശ്ശൂർ:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനം ഓർമ്മ പുതുക്കൽ വിപുലമായ പരിപാടികളോടെ ആരംഭിക്കാൻ തീരുമാനം. 1892 ഡിസംബര്‍ 5ന് അദ്ദേഹം കൊടുങ്ങല്ലൂർ സന്ദർശിച്ചതിന്റെ ഭാഗമായി ഡിസംബര്‍ 5, 6, 7 തീയതികളിൽ ജില്ലാതലത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. തൃശൂർ ജില്ലാപഞ്ചായത്തും, പൊതുവിദ്യാഭ്യാസ വകുപ്പും, മുസിരിസ് പൈതൃകപദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലയിലെ കുട്ടികള്‍ക്കുവേണ്ടി വിവിധ മത്സരങ്ങള്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് വിപുലമായൊരു സംഘാടക സമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം നടന്നുവരുന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം, പാട്ടും വരയും, സാംസ്കാരിക സമ്മേളനം എന്നിവയും നടക്കും.
പാട്ടും വരയും എന്ന പരിപാടിയുടെ ഉദ്ഘാടനം ഡിസംബര്‍ 5 ന് ഉച്ചക്ക് 03.30ന് കുഞ്ഞികുട്ടന്‍ തമ്പുരാന്‍ സ്ക്വയറില്‍ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അധ്യക്ഷനാകുന്ന ചടങ്ങിൽ ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ മുഖാതിഥിയാകും. തുടര്‍ന്ന് അധ്യാപകരും, വിദ്യാര്‍ത്ഥികളും പ്രാദേശിക കലാകാരന്മാരും പാട്ടുകള്‍ പാടുകയും, വലിയ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരക്കുകയും ചെയ്യും. വിവിധ ജനപ്രതിനിധികൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി.ദിനകരന്‍
സ്വാഗതവും കൊടുങ്ങല്ലൂര്‍ ബി.പി.സി. സിംല വിജു നന്ദിയും പറയും.
ഡിസംബര്‍ 6ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹാളില്‍ നടക്കുന്ന സമ്മാന വിതരണ ചടങ്ങ് കോർപ്പറേഷൻ മേയര്‍ എം.കെ.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍റെ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.എ.ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍ മുഖ്യാതിഥിയാകും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി.മദനമോഹനന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സമാപന ദിവസമായ ഡിസംബര്‍ 7 (ന് ഉച്ചയ്ക്ക് 3 മണിക്ക് കോട്ടപ്പുറം ആംഫി തിയ്യേറ്ററില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. നവോത്ഥാന ഗാനസദസ്സോടെ തുടങ്ങുന്ന സമ്മേളനത്തില്‍ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. തിരൂര്‍ മലയാള സര്‍വ്വ കലാശാലയുടെ എഴുത്തച്ഛന്‍ പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ.അനില്‍ ചേലേമ്പ്ര സ്വാതന്ത്ര്യത്തിന്‍റെ 75-വര്‍ഷവും വിവേകാനന്ദ ചിന്തകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എം.യു.ഷിനിജ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.എസ്.ജയ, നഗരസഭ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എൽസി പോള്‍,ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനന്‍, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ആഫീസര്‍ എന്‍.ഡി.സുരേഷ് എന്നിവർ പങ്കെടുക്കും. സമ്മേളനാനന്തരം ഗോതുരുത്ത് യുവജന കലാസമിതിയൂടെ ചവിട്ടുനാടകവും അരങ്ങേറും.
0 Comments