ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ്
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ഗസ്റ്റ് ഹൗസിലായിരുന്നു ചടങ്ങ്.
എറണാകുളം കോതമംഗലം സ്വദേശി അനൂപ് ശാന്തകുമാർ തയ്യാറാക്കിയ ലോഗോയാണ് ഫെസ്റ്റിനായി തിരഞ്ഞെടുത്തത്.
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പെരുമ ഉയർത്തും വിധം പായ് വഞ്ചി നിയന്ത്രിക്കുന്ന തുഴക്കാരനും പായ്കളും ഉൾപ്പെടുത്തി മനോഹരമായാണ് ലോഗോ ഒരുക്കിയിട്ടുള്ളത്. ജലത്തെ പ്രതിനിധീകരിക്കുന്ന നീലയും പച്ചയും നിറങ്ങൾ ചേർന്നതാണ് ലോഗോ.
വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി ക്ഷണിച്ച ലോഗോകളിൽ നിന്നാണ് അനുയോജ്യമായത് തിരഞ്ഞെടുത്തത്.
ഏവരെയും ഉൾപ്പെടുത്തി അതിവിപുലമായി ചാലിയാറിൽ ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് നടത്തുമെന്നും വരും വർഷങ്ങളിലും ഫെസ്റ്റ് തുടരുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇത്തവണ നടത്തുമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.
വിനോദസഞ്ചാര മേഖലയിൽ ജല ടൂറിസത്തിൻ്റെ അനന്ത സാധ്യതകൾ പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇൻ്റർനാഷണൽ വാട്ടർ തീം ഫെസ്റ്റിവലാണ് ഡിസംബർ അവസാന തിയതികളിൽ ബേപ്പൂരിൽ നടക്കുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ്. പരിപാടിയോട് അനുബന്ധിച്ച് ശ്രദ്ധേയമായ പരിപാടികളാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും ബേപ്പൂർ കേന്ദ്രമാക്കി അതിവിപുലമായി വാട്ടർ ഫെസ്റ്റിവെൽ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ജലസാഹസിക പ്രകടനങ്ങൾ, ജലവിനോദങ്ങൾ, വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യോത്സവം തുടങ്ങിയവ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും.
സബ് കലക്ടർ ചെൽസാസിനി, 'നമ്മൾ ബേപ്പൂർ' കൺവീനർ ഫെബീഷ്, പ്രൈവറ്റ് സെക്രട്ടറി പി.കെ ശബരീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


0 Comments