Adsense

ആലപ്പുഴ സനാതന ധർമ്മ കോളേജിന് ഇരട്ടി മധുരമായി അന്താരാഷ്ട്ര ധാരണാപത്രം

എസ്. ഡി. കോളേജ് അന്താരാഷ്ട്ര ഗവേഷണ പദ്ധതിയിൽ പങ്കാളി - ധാരണാപത്രം ഒപ്പുവെച്ചു

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആലപ്പുഴ സനാതന ധർമ്മ കോളേജിന് ഇരട്ടി മധുരമായി അന്താരാഷ്ട്ര ധാരണാപത്രം. കുട്ടനാട്ടിലുൾപ്പടെ ഇന്ത്യയിലെ വിവിധ ജലാശയങ്ങളിലെ കുളവാഴ വ്യാപനം സാറ്റലെറ്റ് (ഉപഗ്രഹ) സാങ്കേതിക വിദ്യ അടക്കമുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പഠിക്കുന്ന ഗവേഷണ പദ്ധതിയുടെ ധാരണാപത്രമാണ് ഒപ്പിട്ടത്.
സ്കോട്ലാൻ്റിലെ സ്റ്റിർലിംഗ്, സ്ട്രാത്ക്ലൈഡ് സർവ്വകലാശാലകൾ, ഹെദരാബാദിലെ അന്താരാഷ്ട്ര കൃഷി ഗവേഷണ കേന്ദ്രം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻ്റ് ഹെൽത്ത് മാനേജ്മെൻ്റ് എന്നിവരാണ് ഗവേഷണ പദ്ധതിയിലെ മറ്റ് പങ്കാളികൾ. 3 ലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 3 കോടിയിലധികം രൂപ) യാണ് 2023 ഏപ്രിൽ മാസം വരെ കാലാവധിയുള്ള പദ്ധതിയ്ക്കുള്ള ധനസഹായം. ജന്തുശാസ്ത്ര വിഭാഗം അധ്യാപകനും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമായ ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ് കോളേജിൻ്റെ പ്രതിനിധി.
2020ൽ അനുവദിക്കപ്പെട്ട ഈ ഗവേഷണ പദ്ധതി ആരംഭിച്ചെങ്കിലും ഭാരതത്തിലും യു.കെ യിലുമുണ്ടായ കോവിഡ് മഹാമാരി മൂലം ഒപ്പിടൽ വൈകി. ലിൻസെ ഡിക്സൺ (ഗവേഷണ ഡയറക്ടർ - സ്റ്റിർലിംഗ് സർവ കലാശാല); പോൾ ടെയ്ലർ (ഗവേഷണ ഡയറക്ടർ -സ്ട്രാത്ക്ലൈഡ് സർവ്വകലാശാല); ഡോ. അരവിന്ദ് കുമാർ (ഡെ. ഡയറക്ടർ ജനറൽ, അന്താരാഷ്ട്ര കൃഷി ഗവേഷണ കേന്ദ്രം, ഹെദരാബാദ്); ഡോ. സാഗർ സിംഗ് (ഡയറക്ടർ ജനറൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻ്റ് ഹെൽത്ത് മാനേജ്മെൻ്റ് - ഹെദരാബാദ്) എന്നിവരാണ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ആർ. ഉണ്ണികൃഷ്ണ പിള്ളയോടൊപ്പം ധാരണാപത്രത്തിൽ ഒപ്പിട്ടത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുന്ന മുറയ്ക്ക് അന്താരാഷ്ട്ര ഗവേഷക സംഘം കുട്ടനാട്ടിൽ പoനങ്ങൾക്കായി എത്തും

Post a Comment

0 Comments