ആലപുഴ: പുന്നപ്ര കാർമൽ പോളിടെക്നിക്ക് കോളജിൽ ടെക്ഫെസ്റ്റിന്റെ (കാർമൽ ടെക്നിക്കൽ ആന്റ് ഇന്നോവേഷൻ ഫെസ്റ്റ് ) ഭാഗമായി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന തല ശാസ്ത്ര പ്രദർശനത്തിന് തുടക്കമായി. കേരളത്തിലെ എല്ലാ പോളിടെക്നിക്കുകളിൽ നിന്നായി നൂറ്റി ഇരുപത് കോളജുകളുടെ പങ്കാളിത്തത്തോടെയാണ് ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചിരിയ്ക്കുന്നത്. കൂടാതെ ആലപ്പുഴ ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കുളുകളിലെ നൂറോളം വരുന്ന വിദ്യാർത്ഥികൾ ഉൾപ്പെട്ട പ്രൊജക്ട് മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. സ്ക്കൂൾ, കോളജ് വിഭാഗങ്ങൾക്കായി ശാസ്ത്ര - സാങ്കേതിക പ്രൊജക്ടുകൾ, വർക്കിംഗ് മോഡലുകൾ എന്നിവയിലും ശാസ്ത്ര പ്രദർശനത്തോടനുബന്ധിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ആറ് ഡിപ്പാർട്ട്മെന്റുകളിലെ ഇലക്ട്രിക്, മെക്കാനിക്ക് , സിവിൽ , കമ്പ്യൂട്ടർ, ഇലക്ടോണിക്സ് , ഓട്ടോമൊബൈൽ എന്നീ വിഭാഗങ്ങളിലായി പ്രത്യേക പ്രദർശനങ്ങളും നടക്കുന്നു. കൂടാതെ ഐ എസ് ആർ ഒ , കെ എസ് ഇ ബി ,കയർ ഫെഡ്, അഗ്നിരക്ഷാ സേന, ഫ്രൻഡ്സ് ഓഫ് നേച്ചർ തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും പ്രദർശനത്തിലുണ്ട്.
ശാസ്ത്ര പ്രദർശനത്തിലെ മികച്ച പ്രൊജക്ടുകൾക്ക് കോളജ് തലത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ക്യാഷ് അവാർഡ് നൽകും . സ്ക്കൂൾ തലത്തിലെ പ്രൊജക്ട് പ്രദർശനത്തിന് ഒന്നാം സ്ഥാനം 10,000 രൂപയും രണ്ടാം സ്ഥാനം 6,000 രൂപയും മൂന്നാം സ്ഥാനം 5,000 രൂപയും ക്യാഷ് അവാർഡ് നൽകും, സംസ്ഥാന തല ശാസ്ത്ര പ്രദർശനം ഓട്ടോകാസ്റ്റ് മാനേജിംഗ് ഡയറക്ടർ വി കെ പ്രവിരാജ് ഉദ്ഘാടനം ചെയ്തു, കാർമൽ ഇൻസ്റ്റിട്യൂഷൻ ഗ്രൂപ്പ് ചെയർമാൻ ഫാദർ തോമസ് ചൂളപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കാർമൽ പോളിടെക്നിക്ക് കോളജ് പ്രിൻസിപ്പാൾ ഫാദർ ജെയിംസ് ദേവസ്യ, ടെക്ഫെസ്റ്റ് വിദ്യാർത്ഥി കോ ഓർഡിനേറ്റർ പി പ്രണവ് എന്നിവർ സംസാരിച്ചു , കാർമൽ പോളിടെക്നിക് കോളജിന്റെ അറുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിയ്ക്കുന്ന ടെക്ഫെസ്റ്റിൽ പ്രായവ്യത്യാസമില്ലാതെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമാണെന്ന് ടെക്ഫെസ്റ്റ് സംഘാടകർ പറഞ്ഞു. ശാസ്ത്ര പ്രദർശനം നാളെ (വ്യാഴം) സമാപിക്കും.