ലോകകപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു.

ലോകകപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ  ആഹ്ളാദം പങ്കിട്ടു.
എടത്വ: ലോകകപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു.വിപുലമായ ആഘോഷ പരിപാടികൾ നടത്തുവാൻ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും തറവാടിന് സമീപം ഉണ്ടായ മരണം മൂലം അവ ഒഴിവാക്കുകയായിരുന്നു.

അർജൻൻ്റീന ഫൈനലിലെത്തിയപ്പോഴും വാലയിൽ ബെറാഖാ തറവാടിൻ്റെ  മതിലിൽ മുഴുവൻ  ദീപങ്ങൾ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ആഹ്ളാദം പങ്കിട്ടത്.

ലോകകപ്പ് മത്സരം  അരങ്ങേറുന്നതിന്  മണിക്കൂറുകൾ മാത്രം ബാക്കി നില്‌ക്കെ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്കിയത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.പ്രമുഖ  മാദ്ധ്യമങ്ങളിൽ  ഉൾപ്പെടെ വാർത്ത വന്നതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും  അർജൻൻ്റീനയുടെ ആരാധകരെത്തി മതിലിൻ്റെയും വീടിൻ്റെയും ചിത്രങ്ങൾ പകർത്തിയിരുന്നു.ആദ്യ മത്സരത്തിൽ  അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ തറവാട്ടിൽ  ബെൻ ജോൺസൺ  ഡാനിയേൽ തോമസ്  എന്നിവരെ നിരാശരാക്കിയിരുന്നു.എങ്കിലും അർജൻറ്റീനയുടെ കട്ട ആരാധകരായ ഇവർ വിജയപ്രതീക്ഷയോടെ  തങ്ങളുടെ ടീം ലോകകപ്പിൽ മുത്തമിടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു.കോട്ടയം സി.എം.എസ് കോളജ് വിദ്യാർത്ഥിയാണ് ഡാനിയേൽ. സ്കൂളിൽ പഠിച്ചിരുന്ന സമയങ്ങളിൽ മെസ്സിയുടെ ചിത്രങ്ങൾ വെട്ടി നോട്ട് ബുക്കിൽ ഒട്ടിച്ച് സൂക്ഷിക്കുക പതിവായിരുന്നു.

ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും ജീവകാരുണ്യപ്രവർത്തകനുമായ ഡോ.ജോൺസൺ വി.ഇടിക്കുളയുടെയും  സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ ഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൻ്റെയും മക്കളാണ്  ബെൻ, ദാനിയേൽ.എൻ.സി.സി കേഡറ്റു കൂടിയാണ് ഡാനിയേൽ. ബെൻ പഠന കാലയളവുകളിൽ ബാസ്ക്കറ്റ് ബോൾ നാഷണൽ യൂത്ത് ടീം അംഗമായിരുന്നു. ഇംഗ്ലീഷ് അക്ഷരമാലയിൽ A എന്ന്  തറവാടിൻ്റെ മുറ്റത്ത് ദീപ നാളങ്ങൾ  തെളിയിച്ചാണ് ആഹ്ളാദം പങ്കുവെച്ചത്.

ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീന ഫിഫ സ്വര്‍ണ ട്രോഫിയില്‍ മുത്തമിട്ടു.
കളിയുടെ ഇരുപത്തി മൂന്നാം മിനിറ്റില്‍ അര്‍ജന്റീനയുടെ ജനപ്രിയ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പെനാല്‍ട്ടിയിലൂടെ നേടിയ ഗോളിലൂടെയാണ് അര്‍ജന്റീന ആധിപത്യം തുടങ്ങിയത് . ഡി മരിയ രണ്ടാമതൊരു ഗോള്‍ കൂടി നേടിയതോടെ ഫ്രാന്‍സ് അക്ഷരാര്‍ഥത്തില്‍ പതറി . അര്‍ജന്റീനയുടെ ശക്തമായ പ്രതിരോധവും മുന്നേറ്റവും കളിയാവേശം വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ കളിയുടെ എണ്‍പതാം മിനിറ്റില്‍ എംബാപ്പെ പെനാല്‍ട്ടിയിലൂടെ അര്‍ജന്റീനയുടെ വല കുലുക്കിയതോടെ കളിയുടെ ഗതി മാറി. എണ്‍പത്തി രണ്ടാമത്തെ മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടു നേടി എംബാപ്പെ അര്‍ജന്റീനയെ സമ നിലയില്‍ തളച്ചു.
ഇരു ടീമുകളും പൊരുതികളിച്ചതോടെ തീപാറിയ പോരാട്ടത്തിനാണ് ലുസൈല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയതോടെ കളി വീണ്ടും സമനിലയിലെത്തിയതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 നാണ് ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീന
കിരീടം സ്വന്തമാക്കിയത്.