ആലപ്പുഴ: ആയുർവേദ ചികിത്സയ്ക്കായി വിദേശ രാജ്യങ്ങളിൽ നിന്ന് ഇൻഡ്യയിലെ ത്തുന്നവർക്ക് പ്രത്യേക വിസ നൽകുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ പറഞ്ഞു. കേരളത്തിൽ വിനോദ സഞ്ചാര വികസനത്തോടൊപ്പം ആയുർവേദ ചികിത്സയും വികസിപ്പിക്കണമെന്നും വി മുരളിധരൻ ആവശ്യപ്പെട്ടു. കേരളാ സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പ്രതിനിധി സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി മുരളിധരൻ . വിനോദ സഞ്ചാര വികസനത്തിനായി ആയുർവേദത്തിനും ചികിത്സയ്ക്കും മുൻഗണന നൽകണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ലോകത്തെ ആയുർവേദ ചികിത്സയുമായി ബന്ധിപ്പിയ്ക്കണം. ദേശീയ തലത്തിൽ കേരളമാണ് ആയുർവേദ ചികിത്സയുടെ പ്രേരക ശക്തിയെന്നും മന്ത്രി പറഞ്ഞു. വികസിത രാജ്യങ്ങൾക്ക് തുല്യമായ രീതിയിൽ വർദ്ധിച്ച് വരുന്ന ജീവിത ശൈലി രോഗങ്ങളും സാംക്രമിക രോഗങ്ങളും കേരളത്തിൽ നില നിൽക്കുന്നതായി മന്ത്രി പറഞ്ഞു.
ആലപുഴയിലെ കുട്ടനാട് ഇക്കുട്ടത്തിൽ മുന്നിലാണ്. കുട്ടനാട്ടിൽ ക്യാൻസർ രോഗികൾ കൂടുകയാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന്റെ പഠനം കണ്ടെത്തി പഠനം നടത്തണം. ജീവിത ശൈലി, സാംക്രമിക രോഗ നിവാരണ പദ്ധതി ആവശ്യമാണ്. കുടി വെള്ള ലഭ്യതയും പരിസര ശുചിത്വവും ഒഴിച്ച് കൂടുവാൻ കഴിയുകയില്ല. വണ്ടാനം മെഡിക്കൽ കോളജിൽ 150 കോടി രൂപ മുടക്കി നിർമ്മിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനം ആവശ്യമായ ജീവനക്കാരെ നിയമിച്ച് പ്രവർത്തന സജ്ജമാക്കണമെന്നും വി മുരളിധരൻ ആവശ്യപ്പെട്ടു. ആലപുഴയിലെ പഞ്ചകർമ്മ ആശുപത്രി കെട്ടിടം പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കണം. ആരോഗ്യ രംഗത്ത് കേരളം നേട്ടങ്ങൾ അവകാശപെടുമ്പോഴും പുതിയ വെല്ലുവിളികൾ നേരിടുവാൻ കഴിയണമെന്നും വി മുരളിധരൻ പറഞ്ഞു. പാരമ്പര്യ ചികിത്സകൾക്ക് കേന്ദ്ര സർക്കാർ വളരെ പ്രധ്യാനം നൽകുന്നുണ്ട് . അലോപ്പതി ചികിത്സയ്ക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയപ്പോൾ ആയുർവേദ ചികിത്സകൾക്ക് നൽകിയിട്ടില്ല. പാരബര്യ ആയുർവേദത്തിന് അനുസൃതമായ മാറ്റങ്ങൾ ഉണ്ടാകണം. ഇത് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ ആയുഷ് മിഷന് തുടക്കമിട്ടത്.ദേശീയ ആയുർവേദ ദിനമായി ആചരിയ്ക്കുവാൻ തുടങ്ങിയെന്നുംകേന്ദ്ര മന്ത്രി പറഞ്ഞു.
ആയുർവേദ സംവിധാനത്തെ കോവി ഡ് ചികിത്സയുടെ ഭാഗമാക്കി മാറ്റി. വിനോദ സഞ്ചാരത്തിനു വേണ്ടി കേരളത്തിലെത്തുന്ന സഞ്ചാരികൾ ആയുർവേദത്തെ അറിയുന്നതിനും ചികിത്സിയ്ക്കുന്നതിനും വേണ്ടിയാണെന്നും വി മുരളിധരൻ പറഞ്ഞു. സമ്മേളനത്തിൽ എ എം ആരിഫ് എം പി ഡോക്ടർ തൊടിയൂർ ശാർങ്ങ് ധരൻ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആയുർവേദ ചികിത്സയുമായി ബന്ധപെട്ട പ്രശ്നങ്ങൾ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് എം പി പറഞ്ഞു. ഇൻഡ്യയിൽ ആയുർവേദ ചികിത്സയിൽ കേരളമാണ് മുന്നിട്ട് നിൽക്കുന്നത്. ആയുർവേദ ഡോക്ടർമാർ ചികിത്സകളെ ഉയർത്തിപ്പിടിയ്ക്കുമ്പോഴും മറ്റ് ചികിത്സ രീതികളെ മാനിയ്ക്കണമെന്നും ആരിഫ് പറഞ്ഞു. മറ്റ് മെഡിസിനുകളുമായി മത്സരിച്ച് മുന്നേറുവാൻ ആയുർവേദ ചികിത്സയ്ക്ക് കഴിയട്ടെയെന്നും ആയുർവേദ മസ്സാജുകളെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ആരിഫ് അഭിപ്രായപ്പെട്ടു. പ്രതിനിധി സമ്മേളനത്തിൽ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ആർ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.
ശുദ്ധ ആയുർവേദ ചികിത്സയുടെ ഈറ്റില്ലമായ കേരളത്തിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിയ്ക്കണമെന്നും ആയുർവേദത്തെ അന്തർ ദേശീയ തലത്തിലേയ്ക്ക് ഉയർത്തണമെന്നും ആയുർവേദ വകുപ്പിലും ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിയ്ക്കണമെന്നും കൃഷ്ണകുമാർ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ വി. ജെ സെബി,ആയൂർ വേദ ഓഫീസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ കെ സുരേന്ദ്രൻ നായർ , എ എം എ ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അജിത്ത്കുമാർ . എ എം എം സി ഐ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പി രാം കുമാർ , എ കെ ജി എ സി എ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ സി എസ് ശിവകുമാർ , എ എച്ച് എം എ ജനറൽ സെക്രട്ടറി ഡോക്ടർ ഇട്ടൂഴി ഉണ്ണികൃഷ്ണൻ നമ്പുതിരി, ഗവൺമെന്റ് ആയൂർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഡോക്ടർ കെ വി ബിജു, ഡോക്ടർ സജി പി. ആർ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ വെച്ച് സംസ്ഥാനത്തെ മികച്ച ജില്ലാ കമ്മറ്റികളായി തെരഞ്ഞെടുക്കപ്പെട്ട ഒന്നാം സ്ഥാനം നേടിയ കൊല്ലം , രണ്ടാം സ്ഥാനങ്ങൾ പങ്കിട്ട പാലക്കാട്, ആലപ്പുഴ, മൂന്നാം സ്ഥാനം നേടിയ കണ്ണൂർ എന്നീ ജില്ലാ കമ്മറ്റികൾക്കും മികച്ച ജില്ലാ കമ്മറ്റി സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട് ഒന്നാം സ്ഥാനം നേടിയ ഡോക്ടർ വി ബിജു (മലപ്പുറം) രണ്ടാം സ്ഥാനം നേടിയ ഡോക്ടർ ആർ അരുൾ ജ്യോതി (ആലപ്പുഴ) എന്നിവർക്ക് എ എം ആരിഫ് എം പി പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. ഉച്ചയ്ക്ക് നടന്ന പാലീയേറ്റീവ് പരിചരണത്തിലെ ആയുർവേദ അനുഭവങ്ങൾ എന്ന ശാസ്ത്ര സെമിനാർ സാംസ്കാരിക-യുവജന കാര്യമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ആയുർവേദ ഡോക്ടർമാർ പാലീയേറ്റീവ് സംവിധാനങ്ങൾക്കു കൂടി മുൻഗണന നൽകണമെന്ന് മന്ത്രി പറഞ്ഞു. ആയുർവേദത്തിനൊപ്പം മറ്റ് മേഖലകളിൽ കൂടി ഇടപെടുന്നതോടെ എല്ലാത്തരം രോഗികളെ ചികിത്സിക്കുവാനും ഈ കാര്യത്തിൽ നിരവധി സംഭാവന നൽകുവാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആയുർവേദ ചികിത്സ ടൂറിസവുമായി ബന്ധപെടുത്തി വിപുലികരിയ്ക്കുവാൻ കഴിയും. ശാസ്ത്രത്തോടൊപ്പം വളരുവാനാണ് നാം ശ്രമിയ്ക്കേണ്ടത്. ലോകത്തെ മാറ്റങ്ങൾക്ക് ഒപ്പം മുന്നേറുവാൻ ശ്രദ്ധിയ്ക്കണമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ജി എസ് പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ എൻ രാജേഷ്, ഡോക്ടർ കെ ആർ സുരേഷ് ഇടുക്കി എന്നിവർ വിഷയാവതരണം നടത്തി. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോക്ടർ കെ നിഷ, ഡോക്ടർ എം ബീന, ഡോക്ടർ ഹീര സാബു , ഡോക്ടർ ഷീജ സാദത്ത്, ഡോക്ടർ കൃപാ സാജൻ, സോക്ടർ മിഥു തമ്പി , ഡോക്ടർ ജെ ജ്യോതി, ഡോക്ടർ ബി എസ് ഗംഗ | അസോസിയേഷൻ സംസ്ഥാന സ്വാഗത സംഘം ജനറൽ കൺവീനർ ഡോക്ടർ വി ജെ സെബി എന്നിവർ സംസാരിച്ചു.