അമ്പലപ്പുഴ: കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്ക്കൂളിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന സ്ക്കൂൾ പ്രവേശനോത്സവവും കുട്ടനാട് വിദ്യാഭ്യാസ ജില്ലാ തല പ്രവേശനോത്സവവും തലവടി സബ് ജില്ലാതല പ്രവേശനോദ്ഘാടനവും വളരെ ഉത്സാഹ തിമിർപ്പോടെ നടന്നു. വിദ്യാർത്ഥികളുടെ വിളംബര ജാഥ, പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം, കലാപരിപാടികൾ . എന്നിവയോടൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അവതരണവും ശ്രദ്ധേയമായി. വർണാഭമായ പരിപാടികളോടെയാണ് വിദ്യാർത്ഥികളെ എതിരേറ്റ് സ്വീകരിച്ചത്
സ്ക്കൂൾ പ്രവേശനോത്സവം തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. എസ് എം സി വൈസ് ചെയർമാൻ പി പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബിനു ഐസക രാജു മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. ടെലിവിഷൻ സീരിയൽ താരം ശ്രുതി രജനികാന്ത് സ്കുളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ശ്രുതി കുട്ടികളുമായി ചേർന്ന് മൺചിരാതുകൾ കത്തിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ വേണുഗോപാൽ മാഗസിൻ പ്രകാശനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം മഞ്ജു വിജയകുമാർ യൂണിഫോം വിതരണം ചെയ്തു. പഞ്ചായത്തംഗം റീന മതി കുമാർ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്കുള്ള സമ്മാനപ്പൊതി വിതരണം അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തംഗം വീണ ശ്രീകുമാർ നിർവഹിച്ചു. പുതിയ കെട്ടിടത്തിന്റെ താക്കോൽ ദാനം ഖൽസ ഇന്റർനാഷണൽ ഭാരവാഹി അൻമോൾ സിംഗ് നിർവഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി മോളി, കുട്ടനാട് ഡി ഇ ഒ എസ് അജിത, സ്ക്കുൾ ഹെഡ് മിസ്ട്രസ് വി ഷൈനി, തലവടി ബി. പി. സി എ ജി ജയകൃഷ്ണൻ , എം പി ടി എ പ്രസിഡന്റ് രമ്യ സുരേഷ്, സ്റ്റാഫ് സെക്രട്ടറി വി എം മിനി എന്നിവർ സംസാരിച്ചു.പ്രവേശനോത്സവ യോഗത്തിൽ വെച്ച് ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി എൽ എസ് എസ് , യു എസ് എസ് സ്കോളർഷിപ്പ് കിട്ടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം ചെയ്ത് എസ് പി സി യിൽ മികവ് കാട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.