മൂന്നാറിലേക്കെത്തുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്കായി ഷീ ലോഡ്ജ്

പള്ളിവാസല്‍ ഗ്രാമപഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത് ഇടുക്കി:വനിതകള്‍ക്ക് താമസമൊരുക്കാന്‍ ഷീലോഡ്ജ് മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കി ഷീലോഡ്ജ് പദ്ധതിയുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ രണ്ടാംമൈലില്‍ ഷീ ലോഡ്ജ് നിര്‍മ്മിക്കുവാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. മൂന്നാറിലേക്കെത്തുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായിവിടെ താമസിക്കാനാകും. നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ കുടുംബശ്രീയുമായി സഹകരിച്ചായിരിക്കും ലോഡ്ജിന്റെ നടത്തിപ്പ്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തിയാണ് ലോഡ്ജിന്റെ നിര്‍മ്മാണം.
 ഷീലോഡ്ജടക്കം പഞ്ചായത്തിന്റെ വികസന കുതിപ്പിന് സഹായകരമാകുന്ന വിവിധ പദ്ധതികളുമായി മുമ്പോട്ട് പോകുകയാണെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍, സെക്രട്ടറി സി എ നിസാര്‍ എന്നിവര്‍ പറഞ്ഞു. ഷീലോഡ്ജുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രാരംഭഘട്ട തുടര്‍ജോലികള്‍ പുരോഗമിക്കുകയാണ്. 2022 ഡിസംബറോടെ ഷീലോഡ്ജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 8 മുറികളും ഡോര്‍മെറ്ററിയുമുണ്ടാകും. ക്യാന്റീന്‍ സൗകര്യവും ഒരുക്കും. വനിതകള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുകയെന്നതിനൊപ്പം തദ്ദേശിയരായ വനിതകള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും കൂടി പദ്ധതിക്കുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.


Post a Comment

0 Comments