സിനിമാ താരം ദേവൻ ബിജെപിയിൽ ചേർന്നു
കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേവന്റെ നവ കേരള പീപ്പിൾ പാർട്ടി ബിജെപിയിൽ ലയിച്ചത്. ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. നവ കേരള പീപ്പിൾ പാർട്ടി എന്ന സ്വന്തം പാർട്ടിയുമായി ദേവൻ നേരത്തെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു.
17 വർഷം തന്റെ മകളെ പോലെ കരുതിയ പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. ന്യൂനപക്ഷവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള വ്യക്തിയാണ് താൻ. സിനിമയിൽ വന്നിട്ട് രാഷ്ട്രീയത്തിൽ വന്നയാളല്ല. കോളേജ് കാലം തൊട്ടേ താൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നുവെന്നും ദേവൻ പറഞ്ഞു.
ഒരുപാട് ആലോചിച്ച ശേഷമാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം എടുത്തത്. മതപണ്ഡിതരോടും ക്രിസ്ത്യൻ, മുസ്ലീം മതവിഭാഗങ്ങളോടും ചർച്ച നടത്തി. നാടിന് നന്മവേണമെങ്കിൽ ബിജെപിയിൽ ചേരണമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞുവെന്ന് ദേവൻ വ്യക്തമാക്കി. വലിയൊരു ജനമുന്നേറ്റമാണ് ബിജെപി നേടാൻ പോകുന്നത്. ഇനി എന്നും ബിജെപിയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
0 Comments