ഒരു പകല്‍ മുഴുവന്‍ പുലികള്‍ നഗരത്തില്‍
ഓണാഘോഷം പൊലിപ്പിക്കാന്‍ തിങ്കളാഴ്ച (സെപ്തംബര്‍ അഞ്ച്) തലസ്ഥാനത്ത് പുലിയിറങ്ങും. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കാനെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ് പുലികളെത്തുന്നത്. രാവിലെ 10ന് കനകക്കുന്നില്‍ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കളിക്കിറങ്ങും.
വര്‍ഷങ്ങളായി നാലാം ഓണദിവസം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെത്തുന്നത്. വിവിധ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങുന്ന സംഘവും ഓണസന്ദേശവുമായി പുലികള്‍ക്കൊപ്പമുണ്ടാകും. ചെണ്ടയുടെ വന്യമായ താളത്തില്‍ നൃത്തം ചെയ്യുന്ന തൃശൂരിലെ പുലികള്‍ തലസ്ഥാനവാസികള്‍ക്ക് പുതുമയാകും. പരമ്പരാഗത രീതിയില്‍ ഓണക്കാലത്ത് തൃശൂരില്‍ കളിക്കിറങ്ങുന്ന 'സൂപ്പര്‍ സ്റ്റാര്‍' പദവിയുള്ള പുലികളെയാണ് ഉത്തവണ ഓണാഘോഷത്തിന് തിരുവനന്തപുരത്തെത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്