ചിത്രം:ഡോ അനൂപ് കൃഷ്ണൻ
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവം ഇന്നലെ (27/03/2022) ആറാട്ടോടെ സമാപിച്ചു. മാർച്ച് 18 ന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി ,പുതുമന മധു സൂദനൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റോടെ സമാരംഭിച്ച പത്തു നാൾ നീണ്ടുനിന്ന ഉത്സവം ഇന്നലെ ആറാട്ടോടെ സമാപിച്ചു.തിടമ്പേറ്റാൻ സഹ്യപുത്രൻ തൃക്കടവൂർ ശിവരാജുവാണ് എത്തിയത് .കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് സാഹചര്യത്തിൽ ഉത്സവത്തിന് ഒഴിവാക്കാനാവാത്ത ചടങ്ങുകൾ മാത്രമായിരുന്നു നടത്തിയിരുന്നത്.എന്നാൽ മാറിയ സാഹചര്യത്തിൽ വൻജനപങ്കാളിത്തമാണ് ഉത്സവ നാളുകളിലുണ്ടായത്.സംഗീത സദസ്സ് ഉൾപ്പെടെ വിവിധ കലാപരിപാടികളും ഉത്സവത്തിന്റേ ഭാഗമായി അരങ്ങേറി.രുചിയിൽ പ്രശസ്തമാണ് അമ്പലപ്പുഴ പാൽപ്പായസം . ഭഗവാന്റെ ഇഷ്ടവിഭവമായ പാൽപ്പായസം തന്നെയാണ് നേദ്യവും . രാജഭരണകാലത്ത് ചെമ്പകശ്ശേരി രാജാവാണ് പാൽപ്പായസം വഴിപാടായി നടത്താൻ തുടങ്ങിയത് . അരിയും , പാലും , പഞ്ചസാരയും മാത്രമാണ് പായസത്തിന്റെ ചേരുവകൾ. ഇവ തിളച്ചു കഴിഞ്ഞ് പാചകക്കാരൻ ഗോവിന്ദായെന്ന് വിളിക്കുമ്പോൾ ദേവസ്വം ഓഫീസിൽ നിന്ന് പായസത്തിൽ ചേർക്കാനുള്ള പഞ്ചസാര കൊണ്ട് വരണം എന്നുള്ളതാണ് ആചാരം . അമ്പലപ്പുഴ പാൽപായസം ഗോപാല കഷായം എന്നും അറിയപ്പെടുന്നു. നിലവിൽ പാൽപായസം ഒരു ലിറ്റർ പാക്കിലാണ് ലഭ്യമാകുന്നത്. ഇതിനുള്ള സംവിധാനങ്ങൾ ക്ഷേത്രത്തിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
0 Comments