സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ജലവൈദ്യുതോൽപ്പാദന രംഗത്തേയ്ക്ക്. സിയാൽ നിർമാണം പൂർത്തിയായ ആദ്യജലവൈദ്യുത പദ്ധതി നവമ്പർ ആറിന് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ രാഷ്ട്രത്തിന് സമർപ്പിക്കും.
കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. കോവിഡിനെ തുടർന്നുണ്ടായ കാലതാമസവുമുണ്ടായെങ്കിലും സിയാലിന് അതിവേഗം പദ്ധതി പൂർത്തിയാക്കാനായി. 4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥലമുടമകളിൽ നിന്നായി 5 ഏക്കർ സ്ഥലം സിയാൽ ഏറ്റെടുത്തു. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടുകെട്ടുകയും അവിടെ നിന്ന് അരകിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേയ്ക്ക് പെൻസ്റ്റോക്ക് കുഴലുവഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് മൊത്തം ചെലവിട്ടത്.
2015-ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം, വൈദ്യുതോൽപ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതി. ' വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് രാജ്യം ചർച്ചചെയ്യുന്ന അവസരത്തിൽ, ഇത്തരമൊരു പദ്ധതി പൂർത്തിയാക്കാൻ സിയാൽ ചെയർമാൻ എന്ന നിലയ്ക്ക് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ നേതൃത്വവും മാർഗനിർദേശങ്ങളും നിർണായകമായിരുന്നു. 44 നദികളും നൂറുകണക്കിന് അരുവികളുമുള്ള കേരളത്തിൽ ഇത്തരം പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാനാകുമെന്ന ആശയത്തിന് തുടക്കമിടാനും സിയാലിന് കഴിഞ്ഞിട്ടുണ്ട്.' - സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. ' പുനരുപയോഗ സാധ്യതയില്ലാത്ത ഊർജ സ്രോതസ്സുകളിൻമേലുള്ള ആശ്രയം കുറയ്ക്കാൻ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾക്കാകും. ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ നിന്ന് വൻതോതിൽ ഊർജം ഉത്പാദിപ്പിക്കാനും അത് ആവശ്യാനുസരണം കൈകാര്യം ചെയ്യാനുമുള്ള സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്യാൻ നമുക്ക് കഴിയും. സുസ്ഥിരവികസനത്തിലേയ്ക്കുള്ള ചുവടുവയ്പ്പാണിത് ' - സുഹാസ് കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ ഊർജോത്പാദന നയം നടപ്പിലാക്കുന്നതിൽ മുൻ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന്റെ അനുഭവ പരിചയവും ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.
14 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനം
പരിസ്ഥിതി ആഘാത കുറവ്
സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റൺ ഓഫ് ദ റിവർ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികൾക്ക് പേര്. വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിർത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവ്. രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. പൂർണതോതിൽ ഒഴുക്കുള്ള നിലയിൽ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വർഷത്തിൽ 130 ദിവസമെങ്കിലും ഇത്തരത്തിൽ വൈദ്യുതി ഉത്പാദനം സാധ്യമാക്കാനാകുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. ഉത്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേയ്ക്ക് നൽകും. പദ്ധതിയുടെ പരീക്ഷണ പ്രവർത്തനം ഒക്ടോബർ ആദ്യം തുടങ്ങി. നവമ്പർ ആദ്യവാരത്തോടെ വൈദ്യുതി, ഗ്രിഡിലേയ്ക്ക് നൽകാൻ കഴിയും.
നവമ്പർ ആറാം തീയതി ശനിയാഴ്ച രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ ബഹു.മുഖ്യമന്ത്രി, സിയാൽ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, കൊച്ചി സിയാൽ, കോഴിക്കോട് അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ വെർച്വൽ റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും.
0 Comments