കെ.എസ്.ആര്‍.ടി.സി. ബസുകള്‍ഫിഷ് ബൂത്തുകളാക്കുന്നത് പരിഗണയില്‍

ഉപയോഗക്ഷമമല്ലാത്ത കെ.എസ്.ആര്‍.ടി.സി. ബസുകള്‍
ഫിഷ് ബൂത്തുകളാക്കുന്നത് പരിഗണയില്‍- മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: ഉപയോഗക്ഷമമല്ലാത്ത കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഏറ്റെടുത്ത് നവീകരിച്ച് ഫിഷ് ബൂത്തുകളാക്കി മാറ്റുന്നത് പരിഗണിച്ചു വരികയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതു സംബന്ധിച്ച് ഗതാഗത വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. സ്ഥല സൗകര്യമുള്ള പ്രദേശങ്ങളിലാണ് ഇത്തരം ഫിഷ് ബൂത്തുകള്‍ സജ്ജമാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളും ഏകീകൃത രൂപകല്‍പ്പന നടത്തി നവീകരിക്കുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന അഞ്ച് തൊഴില്‍ സ്ഥാപനങ്ങളില്‍ ഒന്ന് അരൂരിലാണ്. ഇതിനായി ആദ്യ ഘട്ടമായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന ഈ വിപുല പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ നവീന രീതിയിലുള്ള മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചു വരികയാണ്. വിവിധ കേന്ദ്രങ്ങളിലായി ആധുനിക സംവിധാനങ്ങളോടെ എഴുപതോളം മാര്‍ക്കറ്റുകള്‍ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും ഹാര്‍ബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
മാര്‍ക്കറ്റ് സമുച്ചയത്തില്‍ ആരംഭിച്ച മത്സ്യഭവന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി. നിര്‍വഹിച്ചു. ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രദീപ്, വൈസ് പ്രസിഡന്റ് ശ്രീലേഖ അശോക്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. സജി, പി.പി. അനില്‍കുമാര്‍, എന്‍.കെ. രാജീവന്‍, ടോമി ആതാളി, പി.കെ. മധുക്കുട്ടന്‍, ദീപ ലാലന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എ.എം. ആരിഫ് എം.പി. എം.എല്‍.എ. ആയിരുന്ന 2015-16 കാലയളവില്‍ അനുവദിച്ച തുക കൊണ്ടാണ് മാര്‍ക്കറ്റ് സമുച്ചയം നിര്‍മിച്ചത്. കെട്ടിടത്തില്‍ കടമുറികള്‍, ഹാള്‍, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ട്

Post a Comment

0 Comments