'ലോകമേ തറവാട് '; ആലപ്പുഴയിലെ ആദ്യ ബിനാലെ

നാളെ(18-04-21) തുടക്കം,പൊതുജനങ്ങൾക്ക് പ്രവേശനം 19-04-21 മുതൽ

ആലപ്പുഴ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന'ലോകമേ തറവാട് ' ബിനാലെ പ്രദർശനത്തിന് ആലപ്പുഴയിൽ നാളെ (18-04-21) തുടക്കമാകും. ആലപ്പുഴയിലെ ആദ്യ ബിനാലെയാണിത്. നാളെ രാജ്യത്തിനകത്തും പുറത്തുമുള്ള 270 കലാകാരന്മാരുടെ 3400 കലാ സൃഷ്ടികളാണ് പ്രദർശിപ്പിക്കുക.
നാളെ വൈകിട്ട് ആറിന് ന്യൂ മോഡൽ സൊസൈറ്റിയിലെ ബിനാലെ വേദിയിൽ ലളിതമായാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. തിങ്കളാഴ്ച മുതൽ ബിനാലെ വേദികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ കേരള സർക്കാർ ടൂറിസം-സാംസ്‌കാരിക വകുപ്പുകളുടെയും ആലപ്പുഴ പൈതൃക പദ്ധതിയുടെയും പിന്തുണയോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ 'ലോകമേ തറവാട്' പ്രദർശനം ആലപ്പുഴയിൽ സംഘടിപ്പിക്കുന്നത്. 
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, ന്യൂ മോഡൽ സൊസൈറ്റി ബിൽഡിങ്, പോർട്ട് മ്യൂസിയം, ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് -വില്യം ഗുടേക്കർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ചു വേദികളിലും നാലു ഗാലറികളിലുമായാണ് പ്രദർശനം.
മാസ്‌ക് ധരിച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് നഗരസഭയുമായി ചേർന്നു നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജൂൺ 30 വരെയാണ് പ്രദർശനം.

Post a Comment

0 Comments