അമ്പലപ്പുഴ: അദ്ധ്യാപകനും കവിയും ഗ്രന്ഥകാരനും മായിരുന്ന ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ (82) അന്തരിച്ചു. അമ്പലപ്പുഴ കരുർ തത്തമത്ത് നാണുപിള്ളയുടെയും രാജമ്മയുടെയും മകനായി1944 ജൂൺ 27 നാണ് ജനനം. മികച്ച ചരിത്രകാരനായിരുന്ന ഗോപുമാർ ആലപ്പുഴ സനാതന ധർമ്മ കോളേജിലെ മലയാളം വിഭാഗം മേധാവിയായി 1999 ലാണ് വിരമിച്ചത്. അനേകം കവിതകൾ, ബാലസാഹിത്യകൃതികൾ, ലേഖനങ്ങൾ, കവിതാ സമാഹാരങ്ങൾ, ഗദ്യകൃതികൾ എന്നിവ രചിച്ചിട്ടുണ്ട്. തകഴിയുടെ സന്തത സഹചാരിയായിരുന്ന ഗോപകുമാർ കുറച്ച് നാൾ കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലെ എഡിറ്ററായിരുന്നു.
അമ്പലപ്പുഴ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ,ആലപ്പുഴ എസ് ഡി കോളജ്, ചങ്ങനാശേരി എൻ എസ് എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധികരിച്ച ഉദയത്തിനു മുൻപാണ് ആദ്യം പ്രസിദ്ധികരിച്ച കൃതി .ഇടയൻ്റെ പാട്ട്, ശ്യാമ കൃഷ്ണൻ, മാന്യമഹാജനം, അമൃത പുരയിലെ കാറ്റ്, അമൃത ദർശനം, ഹരി മാധവം, പൊലിയേ പൊലി, ഗംഗമയ ശ്രീകൃഷ്ണ ലീല, അക്കിത്തിക്കുത്ത്, രാപ്പാടി എന്നീ കവിതാ സമാഹാരങ്ങളും അമ്പലപ്പുഴ ക്ഷേത്ര ചരിത്രം, സുകൃത പൈതൃകം, തിരകൾ മായ്ക്കാത്ത പാദമുദ്രകൾ, കുഞ്ചൻ നമ്പ്യാർ, അമ്പലപ്പുഴസഹോദരന്മാർ, വേലകളി ചരിത്രപഥത്തിലെ നക്ഷത്രവിളക്ക്, എൻ്റെ ഉള്ളിലെ കടൽ, കൈരളിയുടെ വരദാനങ്ങൾ എന്നീ ഗദ്യകൃതികളും രചിച്ചു. നൂറ് കണക്കിന് ലേഖനങ്ങൾ എഴുതി തയ്യാറാക്കി 'കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് പുരസ്കാരം, വെണ്മണി പുരസ്കാരം, അമൃത ദർശിനി പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് എക്സിക്യൂട്ടിവ് മെമ്പർ, അമ്പലപ്പുഴ പി കെ സ്മാരക ഗ്രന്ഥശാല പ്രസിഡൻ്റ്, തകഴി സ്മാരക ചെയർമാൻ , അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി, ചെയർമാൻ, ആലപ്പുഴ ജവഹർ ബാലഭവൻ അഡ്മിനിസ്ട്രേറ്റർ, അമ്പലപ്പുഴ ക്ഷേത്രാപദേശക സമിതി സെക്രട്ടറി,പ്രസിഡൻ്റ്, അമ്പലപ്പുഴ ക്ഷേത്ര വികസന ട്രസ്റ്റ് പ്രസിഡൻ്റ്, ശ്രീവത്സം ആദ്ധ്യാത്മിക മാസിക പത്രാധിപർ, വൈക്കം ക്ഷേത്രകലാപീഠം ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളും കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധികരിച്ചിട്ടുണ്ട്. ആകാശവാണി ദൂരദർശൻ എന്നിവിടങ്ങളിൽ കവിതകൾ, പ്രഭാഷണങ്ങൾ, ഭക്തി തുളുമ്പുന്ന കവിതകൾ ഗാനങ്ങൾ എന്നിവ ഗോപകുമാറിൻ്റെതായിട്ടുണ്ട്. മുൻപ് ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവ ഗാനങ്ങൾ എഴുതി ഖ്യാതി നേടി. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ ഗോവർദ്ദനത്തിലാണ് താമസിച്ചിരുന്നത് ഭാര്യ ആലപ്പുഴ എസ് ഡി കോളജ് മലയാളവിഭാഗം റിട്ടയേർഡ് അദ്ധ്യാപിക പ്രൊഫസ്സർ ജി വിജയലക്ഷമി . മക്കൾ : ജി .ദേവനാരായണൻ, ജി. കൃഷ്ണ ഗോപാലൻ. മരുമക്കൾ: ഡോക്ടർ പ്രിയ, അഞ്ജു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് (തിങ്കൾ)അമ്പലപ്പുഴ ഗോവർദ്ധനം വീട്ടുവളപ്പിൽ